സംസ്ഥാനത്ത് 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം മഹാരാഷ്ട്രയിലേക്ക് വ്യാപിച്ചു. ആന്ധ്രതീരത്തിനു മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. നിലവിൽ ദുർബലമായി കേരള തീരത്ത് തുടരുന്ന കാലവർഷക്കാറ്റ് വരും ദിവസങ്ങളിൽ ശക്തിപ്രാപിച്ചേക്കും. അടുത്ത ആഴ്ചച സംസ്ഥാന വ്യാപകമായി ശക്തമായ മഴയുണ്ടായേക്കും. ഇടിമിന്നലിനും 40 കിലോ മീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.

വെള്ളി കോട്ടയം, പത്തനംതിട്ട ഒഴിച്ചുള്ള ജില്ലകളിൽ മഞ്ഞ അലർട്ട് (ശക്തമായ മഴ). ശനി തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടാണ്. 13 വരെ സംസ്ഥാനത്ത് സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. 14 മുതൽ 20 വരെ മഴ ലഭിക്കുമെങ്കിലും മധ്യ, തെക്കൻ തീരദേശമേഖല ഒഴിച്ചുള്ള പ്രദേശങ്ങളിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയുണ്ടായേക്കും. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ശനി രാത്രിവരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത.

