KOYILANDY DIARY.COM

The Perfect News Portal

ഗുസ്‌തി സമരം: ബ്രിജ്ബൂഷനെ പിന്തുണച്ചത് ബിജെപിക്ക് തിരിച്ചടിയാവുന്നു

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡണ്ട് ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നിലപാട്‌ ഹരിയാനയിൽ ബിജെപിക്ക്‌ തിരിച്ചടിയാകുന്നു. കിഴക്കൻ ഹരിയാന ഒഴികെയുള്ള മേഖലകളിൽ നിർണായക ശക്തിയായ ജാട്ടുകൾ ബിജെപിയെ തള്ളുന്നതിന്റെ സൂചന വ്യക്തം. ഗുസ്‌തി സമരത്തിന്റെ മുൻനിരയിലുള്ള സാക്ഷി മലിക്‌, വിനേഷ്‌ ഫോഗട്ട്‌, ബജ്‌റംഗ്‌ പുനിയ, സത്യവർത് കഠിയാൻ തുടങ്ങിയവരെല്ലാം ജാട്ട്‌ വിഭാഗത്തിൽനിന്നുള്ളവരാണ്‌.

യുപിയിലെ കൈസർഗഞ്ചിൽനിന്ന്‌ ആറുവട്ടം ലോക്‌സഭയിലെത്തിയ ബ്രിജ്‌ഭൂഷൺ മേഖലയിലെ പ്രധാന നേതാവായതിനാൽ അദ്ദേഹത്തിനെതിരെ ബിജെപി നടപടി സ്വീകരിക്കുന്നില്ല. ബ്രിജ്‌ഭൂഷണെ സംരക്ഷിക്കുന്നത്‌ ഗുണം ചെയ്യില്ലെന്ന്‌ സമരത്തിന്റെ തുടക്കംമുതൽ വ്യക്തമാക്കിയ ഹരിയാനയിലെ ബിജെപി നേതാക്കൾ താരങ്ങൾക്ക്‌ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഹരിയാന ജനസംഖ്യയുടെ 30 ശതമാനത്തോളം ജാട്ടുകളാണ്‌.    അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുസ്‌തി സമരം തിരിച്ചടിയാകുമെന്ന്‌ പേരുവെളിപ്പെടുത്താത്ത ബിജെപി നേതാവ്‌ ഒരു മാധ്യമത്തോട്‌ സമ്മതിച്ചു. എല്ലാ ഗ്രാമങ്ങളിലും ഗുസ്‌തിക്കാരുള്ള ഹരിയാനയിൽ ബിജെപിക്കെതിരെ ശക്തമായ വികാരം രൂപപ്പെട്ടു. ബ്രിജ്‌ഭൂഷണിന്റെ വിശ്വസ്‌തനായ സഞ്ജയ്‌ സിങ്ങിന്റെ തെരഞ്ഞെടുപ്പിലും നേതാവ്‌ അതൃപ്‌തി രേഖപ്പെടുത്തി. സഖ്യകക്ഷിയായ ജെജെപിയും ഉപമുഖ്യമന്ത്രി ദുഷ്യന്ത്‌ ചൗട്ടാലയും ബിജെപിയെ പരസ്യമായി തള്ളി സമരവേദിയിലെത്തി താരങ്ങൾക്ക്‌ പിന്തുണയും പ്രഖ്യാപിച്ചു. ബിജെപി എംപി ബ്രിജേന്ദ്ര സിങ്‌, ആഭ്യന്തരമന്ത്രി അനിൽ വിജ്‌ എന്നിവരും താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.

Advertisements

അതേസമയം, ഗുസ്‌തി സമരവും കർഷകപ്രശ്‌നങ്ങളും മുഖ്യപ്രശ്‌നമായി ഉയർത്തി ജാട്ട്‌ പിന്തുണ തേടുന്ന കോൺഗ്രസ്‌ സംസ്ഥാനത്തെമ്പാടും റാലികൾ നടത്തുന്ന തിരക്കിലാണ്‌. ഞായറാഴ്‌ച സിർസയിൽ വൻ ജനക്കൂട്ടമാണ്‌ റാലിക്കെത്തിയത്‌. 

Share news