ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ചു; യുവാവിനു ദാരുണാന്ത്യം

ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കിലാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജുവാണ് (43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ തുള്ളലിനിടെ ചടങ്ങില്‍ വെളിച്ചപ്പാടായി തുള്ളിയ ഷൈജു ഇതിന്റെ കായ കഴിക്കുകയായിരുന്നു. ഷൈജുവിന്റെ കുടുംബക്ഷേത്രത്തിൽ നടന്ന ചടങ്ങിലായിരുന്നു സംഭവം.

കുടുംബക്കാര്‍ ഒത്തുചേർന്നപ്പോൾ ക്ഷേത്രാചാരമായ ആട്ട് നടത്തുകയായിരുന്നു. അഞ്ഞൂറിലേറെ ആളുകള്‍ എത്തിയ പരിപാടിയായിരുന്നു ഇത്. വർഷം തോറും ആണ് ഈ ചടങ്ങ് നടത്തുന്നത്. ആചാരത്തിന്റെ ഭാഗമായി ഒരു തളികയില്‍ ഫലമൂലാദികള്‍ നല്‍കും. വെളിച്ചപ്പാട് ഇത് കഴിക്കണം. പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ ഷൈജു കഴിക്കുകയായിരുന്നു.

സാധാരണ ഗതിയില്‍ കടിച്ച് തുപ്പുകയാണ് ചെയ്യുന്നത്. എന്നാൽ, ഷൈജു രണ്ടോ മൂന്നോ കാഞ്ഞിരക്കായ കഴിച്ചെന്നാണ് വിവരം. തുടർന്ന് ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഷൈജുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

