വനിതാ സാഹിതി കൊയിലാണ്ടി മേഖലാ കൺവെൻഷൻ

കൊയിലാണ്ടി: വനിതാ സാഹിതി കൊയിലാണ്ടി മേഖലാ കൺവെൻഷൻ ചേർന്ന് പുതിയ മേഖലാ കമ്മിറ്റി രൂപവത്കരിച്ചു. കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ കവിത. പി. സി. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നവോത്ഥാന മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കേരളത്തിൽ അതു തിരിച്ചുപിടിക്കുന്നതിനുള്ള സാംസ്കാരിക പോരാട്ടത്തിന് സ്ത്രീകൾ നേതൃത്വം നൽകണമെന്നും അതിനു സഹായകമാകാൻ വനിത സാഹിതിക്കു കഴിയണമെന്നും അവർ പറഞ്ഞു. ആർ. കെ. ദീപ അദ്ധ്യക്ഷത വഹിച്ചു.

വനിതാ സാഹിതി കോഴിക്കോട് ജില്ലാ സെക്രട്ടറി വി ബിന്ദു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബാലാമണി അമ്മ പുരസ്കാരം നേടിയ പി. വി. ഷൈമയെ ചടങ്ങിൽ അനുമോദിച്ചു. പുകസ മേഖല സെക്രട്ടറി മധു കിഴക്കയിൽ, കെ. എസ്. ടി. എ. സബ്ജില്ലാ പ്രസിഡണ്ട് പി പവിന, എം. ഊർമിള, വിഷ്ണുപ്രിയ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ. കെ. ദീപ. പ്രസിഡണ്ട്, പി. വി. ഷൈമ, തങ്കമണി ചേലിയ വൈസ് പ്രസിഡണ്ടുമാർ, പ്രീത ബാബു സെക്രട്ടറി, പദ്മിനി, അനുഷ ജോയിന്റ് സെക്രട്ടറിമാർ, എം. ഊർമ്മിള ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. അഞ്ജന സ്വാഗതവും പ്രീത ബാബു നന്ദിയും പറഞ്ഞു.
