നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ റിപ്പോർട്ട് തേടുമെന്ന് വനിത കമ്മിഷൻ

കോഴിക്കോട്: ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ എക്സൈസ്-പൊലിസ് വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് വനിത കമ്മിഷൻ ചെയർപേഴ്‌സൺ പി സതീദേവി പറഞ്ഞു. നടിയുടെ പരാതി ലഭിച്ചിട്ടില്ല. തൊഴിലിടങ്ങളിലെ ഇത്തരം പ്രവണതകൾക്കെതിരെ സ്ത്രീകൾ പരാതി നൽകുന്നത് അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.

അഭിപ്രായപ്രകടനത്തിന് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്നും സതീദേവി കൂട്ടിചേർത്തു. തനിക്ക് ഉണ്ടായ നല്ല അനുഭവം ആണ് ദിവ്യ തുറന്ന് പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. സൈബർ ആക്രമണത്തെപ്പറ്റി അവർ പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നും സതീദേവി പറഞ്ഞു.

