ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരെ പരാതിയുമായി യുവതി

ബിജെപി നേതാവിനെതിരെ പീഡനപരാതിയുമായി യുവതി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്ണകുമാറിനെതിരെയാണ് യുവതി പരാതി നൽകിയത്. പാലക്കാട് സ്വദേശിനിയായ യുവതിയാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന് പരാതി നൽകിയത്. കൃഷ്ണകുമാർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

രണ്ട് ദിവസം മുൻപാണ് യുവതി സംസ്ഥാന പ്രസിഡണ്ടിന് പരാതി നൽകിയത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴി യുവതി നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖർ യുവതിയെ അറിയിച്ചിട്ടുണ്ട്. വൈകാതെ പരാതി പരിശോധിക്കാമെന്നാണ് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നൽകിയത്.

എന്നാൽ മുൻപും നേതൃത്വത്തിന് പരാതി നൽകിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ബിജെപി – ആർഎസ്എസ് നേതാക്കൾക്ക് പരാതി നൽകിയെങ്കിലും അവഗണിച്ചെന്നാണ് ആരോപണം. വി. മുരളീധരൻ, എം.ടി രമേശ് എന്നിവർക്ക് നൽകിയ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. കൃഷ്ണകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി.

