KOYILANDY DIARY.COM

The Perfect News Portal

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവിട്ടതോടെ കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കള്ളക്കളി പുറത്ത്

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതോടെ കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കള്ളക്കളി പുറത്തായി. ഗാര്‍മെന്റ് വ്യവസായം തുടങ്ങുന്നതിനായി ബി ആര്‍ എസിന് ഇരുപത്തിയഞ്ച് കോടി രൂപ സാബു നല്‍കിയെന്ന വിവരം പുറത്തുവന്നതോടെയാണിത്. കേരളത്തില്‍ വ്യവസായം നടത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കണം എന്നാരോപിച്ചായിരുന്നു തെലങ്കാനയിലേക്ക് ചുവട് മാറ്റുന്നതായി സാബു പ്രഖ്യാപിച്ചത്.

തൊഴില്‍ചട്ട ലംഘനങ്ങളുടെ പേരില്‍ കേരളത്തില്‍ നിയമ നടപടികള്‍ നേരിട്ട ഘട്ടത്തിലാണ് 2021ല്‍ തെലങ്കാനയിലേക്ക് ചുവടുമാറ്റുന്നതായി സാബു പ്രഖ്യാപിച്ചത്. 2023 ല്‍ വാറങ്കലില്‍ ആദ്യ യൂണിറ്റിന് ധാരണയായി. ഇതിന് പിന്നാലെയാണ് ആദ്യ ഗഡുവായി 15 കോടി രൂപ ഇലക്ടറല്‍ ബോണ്ട് രൂപത്തില്‍ ബിആര്‍എസിന് കൈമാറിയത്. ഒ സി സീരിയല്‍ നമ്പറിലുള്ള ഒരു കോടി രൂപയുടെ 15 ബോണ്ടുകള്‍ 2023 ജൂലൈ അഞ്ചിന് കിറ്റെക്സ് സാബു വാങ്ങി. ജൂലൈ 17 ന് 15 കോടി രൂപ ബി ആര്‍ എസ് പണമാക്കി മാറ്റി.

 

രണ്ടാം ഗഡുവായി 10 കോടി രൂപ കൂടി നല്‍കി. 2023 ഒക്ടോബര്‍ 12 നാണ് ഒരു കോടിയുടെ 10 ബോണ്ടുകള്‍ കിറ്റെക്സ് സാബു രണ്ടാം ഗഡുവായി വാങ്ങിയത്. ഒ സി സീരിയലിലുള്ള ഈ ബോണ്ടുകള്‍ ഒക്ടോബര്‍ 16 ന് കിറ്റെക്സ് ഗ്രൂപ്പിന്റേതായി ബിആര്‍എസ് അക്കൗണ്ടിലെത്തി. ഇതിന് രണ്ടാഴ്ച മുന്‍പ് സെപ്തം 28ന് രംഗ റെഡ്ഡി ജില്ലയിലെ സീതാരമ്പൂരില്‍ രണ്ടാമത്തെ യൂണിറ്റിന് തറക്കല്ലിട്ടിരുന്നു. രണ്ട് യൂണിറ്റുകളും ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് തെലങ്കാനയിലെ ഭരണകക്ഷിക്ക് 25 കോടി നല്‍കേണ്ടി വന്നത് എന്ന് വ്യക്തം. 25 കോടി വാങ്ങിയിട്ടാണ് കിറ്റെക്‌സ് സാബുവിനെ വ്യവസായം തുടങ്ങാന്‍ തെലങ്കാന അനുവദിച്ചതെന്ന് ഇതോടെ വ്യക്തമായതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

Advertisements

 

ഏതായാലും പുറത്തു വന്ന വിവരങ്ങള്‍ കിറ്റെക്‌സ് സാബുവിനെ പ്രതിരോധത്തിലാക്കി. കേരളത്തില്‍ വ്യവസായം നടത്തണമെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് സംഭാവന നല്‍കണമെന്ന് ആക്ഷേപിച്ചായിരുന്നു കിറ്റെക്‌സിന്റെ പുതിയ യൂണിറ്റ് തെലങ്കാനയിലേക്ക് മാറ്റുന്നുവെന്ന് കിറ്റെക്‌സ് സാബു പ്രഖ്യാപിച്ചത്. തെലങ്കാനയിലാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കേണ്ടതില്ലല്ലോ എന്ന വാദവും സാബു മുന്നോട്ട് വെച്ചു. രാഷ്ട്രീയ അധാര്‍മ്മികതക്കെതിരെ പോരാടാനെന്ന പേരില്‍ ട്വന്റി ട്വന്റി എന്ന സംഘടനയും സാബു തുടങ്ങി. ഒടുവില്‍ പറഞ്ഞതില്‍ നിന്നെല്ലാം പിന്‍വാങ്ങേണ്ടി വന്ന നാണക്കേടിലാണിപ്പോള്‍ കിറ്റെക്‌സ് സാബുവും ട്വന്റി ട്വന്റിയും.

Share news