KOYILANDY DIARY.COM

The Perfect News Portal

തൊട്ടിൽപ്പാലം കാട്ടാന ആക്രമണം: കുട്ടിയാനയെ മയക്കുവെടി വെയ്ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കോഴിക്കോട് കാവിലുംപാറയിലെ കുട്ടിയാനയെ മയക്കുവെടി വെയ്ക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വെറ്ററിനറി സർജന്മാർ ഉടൻ സ്ഥലത്തെത്തും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ കുങ്കിയാനകളെ എത്തിക്കും എന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴയിലെ പിടി ഫൈവ് കാട്ടാനയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ല. നിരീക്ഷണം തുടരുകയാണ്. വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ സേവനം ഉറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് കോഴിക്കോട് തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക് പറ്റിയത്. കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചൻ, ഭാര്യ ആനി എന്നിവരെ വീട്ടുമുറ്റത്ത് നിന്ന് കുട്ടിയാന ആക്രമിച്ചു. സംഭവ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കോഴിക്കോട് കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാടാണ് കാട്ടാന ആക്രമണം നടന്നത്. വൈകീട്ട് അഞ്ചുമണിയോടെ മുട്ടിച്ചിറയിൽ തങ്കച്ചന്റെ വീട്ടുമുറ്റത്ത് എത്തിയ കുട്ടിയാന, ഭാര്യ ആനിയ്ക്ക് നേരെ പാഞ്ഞടുത്തു. ഇവർ ഓടി രക്ഷപ്പെടുന്നതിനിടെ വീണു പരുക്കേറ്റു.

 

പിന്നീട് തങ്കച്ചനു നേരെ തിരിഞ്ഞ ആന ചവിട്ടി വീഴ്ത്തി. റോഡിൽ വീണ തങ്കച്ചൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. രണ്ടു പേരും കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തങ്കച്ചന്റെ കൈക്ക് പരുക്കുണ്ട്. സംഭവം അറിഞ്ഞ് കരിങ്ങാട് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കൂട്ടം തെറ്റി എത്തിയ, ആനയെ പിടികൂടി ആന വളർത്ത് കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറ്റ്യാടി ഫോറസ്റ്റ് ഓഫീസ് സി പി ഐ എം ഉപരോധിച്ചിരുന്നു.

Advertisements
Share news