തിരുവനന്തപുരത്ത് കാട്ടുപോത്തിനെ കണ്ട സംഭവം; പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡിഎഫ്ഒ

തിരുവനന്തപുരം മംഗലപുരത്ത് കണ്ടെത്തിയത് കാട്ടുപോത്തെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഡിഎഫ്ഒ അനിൽ ആൻ്റണി. അഞ്ചൽ, കുളത്തൂപുഴ, പാലോട്, പരുത്തിപള്ളി റെയ്ഞ്ചുകളിൽ നിന്നും അൻപതോളം വനപാലകരും ആർ ആർ ടി സംഘങ്ങളും സ്ഥലത്തത്തി.

കാട്ടുപോത്ത് ആണെന്ന് സ്ഥിരീകരിച്ചതിനാൽ ഇതിനെ പിടികൂടാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. പോത്തിനെ കണ്ടെത്തി പിടികൂടാൻ ശ്രമിക്കും. ഇതിനായി ഡ്രോൺ ഉപയോഗിക്കും. ജില്ലാഭരണ കൂടത്തിൻ്റെയും സഹായത്തോടെയാണ് ശ്രമം. പിടി കൂടാൻ വേണമെങ്കിൽ മയക്കുവെടി വെയ്ക്കും. പിടികൂടാൻ ശ്രമം നടക്കുന്ന സമയത്ത് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.

ഇന്ന് രാവിലെ മംഗലപുരം തലയ്ക്കോണത്ത് ടെക്നോ സിറ്റിക്ക് സമീപത്തെ പുരയിടങ്ങളിൽ മേഞ്ഞു നടക്കുകയായിരുന്ന കാട്ടുപോത്തിനെയാണ് നാട്ടുകാർ കണ്ടത്. ആദ്യം പശുവാണെന്ന് കരുതിയെങ്കിലും പിന്നീട് കാട്ടുപോത്താണെന്ന് മനസിലാക്കി പൊലീസിൽ അറിയിക്കുകയായിരുന്നു.

