മട്ടന്നൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി; ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റും

കണ്ണൂർ മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീതി പരത്തി നടന്ന കാട്ടുപോത്തിനെ ഒടുവിൽ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വെച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. പിടികൂടിയ കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം.

കാട്ടുപോത്തിനെ തുരത്താൻ സമീപത്ത് വനമില്ലാത്തതിനാൽ വനംവകുപ്പിന് സാധിക്കാതെ വന്നു. ഇതേത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വെച്ച് പിടികൂടാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മയക്കുവെടി വെയ്ക്കാൻ ഉത്തരവ് വന്നു. വെള്ളിയാഴ്ച വൈകിട്ട് തന്നെ മയക്കുവെടി വെയ്ക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും രാത്രിയായതോടെ സാധിച്ചില്ല.

ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും നേരം ഇരുട്ടിയതിനാൽ ദൗത്യം ഇന്നലെ നിർത്തിവെയ്ക്കുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി സർജനും സ്ഥലത്ത് സന്നിഹിതരായിരുന്നു.

