കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളുൾപ്പെടെ പരക്കെ മോഷണം

കൊയിലാണ്ടിയിലെ വിവിധ ക്ഷേത്രങ്ങളുൾപ്പെടെ പരക്കെ മോഷണം. ഇന്നലെ അർദ്ധരാത്രി 1 മണിക്കും 4 മണിക്കും ഇടയിലാണ് മോഷണം നടന്നത്. പെരുവട്ടൂർ വെങ്ങളത്തുകണ്ടി ക്ഷേത്രം, പന്തലായനി ചൂരൽക്കാവ് ഭഗവതി ക്ഷേത്രം, ചെറിയമങ്ങാട് കോട്ട ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടന്നത്. എത്രപണം മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.

സിൽക്ക് ബസാറിൽ പൂവൻകുളങ്ങര ഉത്തമൻ്റെ വീട്ടിലെ അടുക്കള വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഭാര്യ ജയശ്രീയുടെ കഴുത്തിലെ ഒന്നര പവൻ മാലയും മോഷ്ടിച്ചു. കണയങ്കോട് പള്ളിക്ക് സമീപമുള്ള കെ. മാർട്ട് സൂപ്പർമാർക്കറ്റിലും മോഷണം നടന്നു. ഷട്ടർ ഇല്ലാത്ത കടയുടെ അലൂമിനിയം ചാനലിൻ്റെ പൂട്ട് തകർത്ത് അകത്തു കയറിയ മോഷ്ടാവ് മേശയിലുള്ള പണം, സിഗരറ്റുകൾ, സ്റ്റേഷനറി സാധനങ്ങൾ, ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചിട്ടുണ്ട്. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ജംഷീദ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളിൽ പോലീസെത്തി പരിശോധന നടത്തി.

