മാന്നാറില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപക സാമ്പത്തിക തട്ടിപ്പ്

മാന്നാര്‍: മാന്നാറില്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ വ്യാപക സാമ്പത്തിക തട്ടിപ്പ്. സാമ്പത്തിക ഇടപാടിനെത്തുടര്‍ന്ന് വസ്തു വില്‍ക്കേണ്ടി വന്നതില്‍ മനംനൊന്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഞായറാഴ്ച ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഓങ്കാര്‍ വീട്ടില്‍ ശ്രീദേവിയമ്മയെയാണ് (71) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമാനമായി ഇതിനുമുമ്പ് രണ്ടുപേര്‍ ആത്മഹത്യ ചെയ്തിരുന്നു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലൂ (മോളി), മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ കുരട്ടിക്കാട് ഉഷാ ഗോപാലകൃഷ്ണന്‍, തെക്കേ വിളയില്‍ വിഷ്ണു, അഡ്വ. ഭാര്‍ഗവന്‍, ചെന്നിത്തല സ്വദേശി പ്രമോദ്, വെമ്പുഴശേരില്‍ ഉഷ എന്നിവരടങ്ങുന്ന സംഘമാണ് വ്യാപകമായി തട്ടിപ്പ് നടത്തുന്നതെന്നാണ് പൊലീസില്‍ ലഭിച്ച പരാതി.

പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ തൊഴില്‍ സംരംഭം തുടങ്ങാനാണെന്നും നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ഉള്‍പ്പെടെ തിരികെ നല്‍കുമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് മാനേജരെന്ന് പറഞ്ഞ് വിശ്വാസം നേടാന്‍ വിഷ്ണുവിനെ മുന്‍നിര്‍ത്തിയായിരുന്നു തട്ടിപ്പ്. ശ്രീദേവിയമ്മയുടെ പക്കല്‍ നിന്നും പലപ്പോഴായി ഈ സംഘം പണം കൈപ്പറ്റിയിരുന്നു. ആദ്യം ചെറിയ തുക വാങ്ങി പറയുന്ന സമയത്ത് വാങ്ങിയ പണത്തിന്റെ പലിശയും കൃത്യമായി നല്‍കി വിശ്വാസം നേടി.

പിന്നീട് ശ്രീദേവിയമ്മ മുഖേന പലരോടും വന്‍തുക വാങ്ങി. ശ്രീദേവിയമ്മയുടെ ആഭരണങ്ങളും മറ്റുള്ളവരുടെ ആഭരണങ്ങളും വാങ്ങി പണയംവച്ച് ഈക്കൂട്ടര്‍ക്ക് നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. പലിശയും മുതലും അടയ്ക്കാതെ വന്നപ്പോള്‍ തന്ന തുക തിരികെ തരണമെന്നാവശ്യപ്പെട്ടു. പ്രശ്‌നം രൂക്ഷമാകാതിരിക്കാന്‍ മോളി ഒപ്പിട്ട ബ്ലാങ്ക് ചെക്കും ശ്രീദേവിയമ്മയ്ക്ക് നല്‍കി.

ചെക്ക് ബാങ്ക് മടക്കി അയച്ചതോടെ ഇവര്‍ക്കെതിരെ ശ്രീദേവിയമ്മ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി. തട്ടിപ്പിനിരയായവര്‍ ഇതിനുമുമ്പ് പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ഒത്തുതീര്‍പ്പിനായി പൊലീസ് സ്‌റ്റേഷനില്‍ എത്തിയത് വിഷ്ണുവും പ്രമോദുമാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വം ഇടപെട്ടും കേസുകള്‍ ഒതുക്കിത്തീര്‍ത്തു. നിരവധിയാളുകളാണ് വസ്തുവിന്റെ ആധാരവും ആഭരണങ്ങളും ഉള്‍പ്പെടെ പണയപ്പെടുത്തി ഈ സംഘത്തിന് പണം നല്‍കിയത്.
