KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപകനാശം

ചെറു ഡാമുകൾ തുറന്നു.. കനത്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപകനാശം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെറു ഡാമുകൾ തുറന്നു. ഇടുക്കി സംഭരണിയിൽ രണ്ടടിയും മുല്ലപ്പെരിയാറിൽ ഒന്നരയടിയും വെള്ളം ഉയർന്നു. തീരമേഖലകളിൽ കടലാക്രമണം രൂക്ഷമായി. ഉയർന്ന പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും തുടരുകയാണ്. സംസ്ഥാനത്ത് 126 വീട് ഭാഗികമായി തകർന്നു. കണ്ണൂരിൽ 11ഉം കൊല്ലത്ത് 53ഉം വയനാട്ടിൽ ഒന്നും പാലക്കാട്ട് രണ്ടും ആലപ്പുഴയിൽ 41ഉം ഇടുക്കിയിൽ 12ഉം തിരുവനന്തപുരത്ത് ആറും വീടാണ് ഭാഗികമായി തകർന്നത്. നാലു ദുരിതാശ്വാസ ക്യാമ്പിലായി 28 കുടുംബത്തിലെ 77 പേരെ മാറ്റിപ്പാർപ്പിച്ചു.
Advertisements
ഈ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് ബുധനാഴ്‌ച രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ ശരാശരി 69.6 മില്ലി മീറ്റർ. പത്തനംതിട്ട മഡമൺ സ്റ്റേഷൻ (പമ്പാനദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം പുല്ലാക്കയർ സ്റ്റേഷൻ (മണിമല നദി), ഇടുക്കി മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി) എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മുൻകരുതലിൻ്റെ ഭാഗമായി അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാമ്പള, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കിവിട്ടു.
ഇന്ന് 3 ജില്ലയിൽ ഓറഞ്ച് അലർട്ട്; 7 ജില്ലയിൽ മഞ്ഞ അലർട്ട്
മഹാരാഷ്ട്രതീരംമുതൽ മധ്യകേരള തീരംവരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതും കേരള തീരത്ത് പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ കാറ്റുകൾ ശക്തമായതുമാണ് കനത്ത മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനത്തിൽ കനത്ത മഴ തുടരും. വ്യാഴം വയനാട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും (അതിശക്ത മഴ) എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) പ്രഖ്യാപിച്ചു. കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിലുള്ളവർ മീൻപിടിക്കാൻ പോകരുത്.
സംസ്ഥാനം സജ്ജം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കെടുതി നേരിടാൻ സംസ്ഥാനം സജ്ജം. റവന്യുമന്ത്രി കെ രാജൻ്റെ സാന്നിധ്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ കലക്ടർമാർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാന, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെൻ്ററുകളും താലൂക്കുതല കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒമ്പതു ടീമിനെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിലായി വിന്യസിച്ചു.
ജില്ലകൾക്ക് ഒരു കോടിവീതം
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലകൾക്ക് ഒരു കോടി രൂപവീതം കൈമാറി. അപകടകരമായ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണം. ഇക്കാര്യത്തിൽ ടെൻഡർ നടപടിക്ക് കാത്തുനിൽക്കേണ്ടതില്ല. നിർമാണ സ്ഥലങ്ങളിലും സുരക്ഷാ സംവിധാനം ഒരുക്കണം. തദ്ദേശസ്ഥാപനങ്ങൾ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദേശിച്ചു. ഉദ്യോഗസ്ഥർ അധികാരപരിധിയിലുള്ള പ്രദേശങ്ങളിൽ തുടരണം. അത്യാവശ്യമല്ലാത്ത അവധികൾ ഒഴിവാക്കണം. ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ട‌ർ എൻ എസ് കെ ഉമേഷ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല.