KOYILANDY DIARY

The Perfect News Portal

കെ മുരളീധരൻ ബിജെപിയിലേക്കെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം

കൊച്ചി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ ബിജെപിയിലേക്കെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ അനുകൂല ചലനം സൃഷ്‌ടിക്കാൻ കഴിയുന്ന മലബാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് അധികം വൈകാതെ ബിജെപി മന്ത്രിസഭയിലെത്തുമെന്ന പത്രവാർത്തയ്‌ക്ക് പിന്നാലെയാണ് മുരളീധരൻ ബിജെപിയിലേക്കെന്ന പ്രചരണം ശക്തമായത്.

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നത് ഇതുകാരണമാണെന്നും അടുത്തയാഴ്ച കോഴിക്കോട് ചർച്ച നടക്കുമെന്നും പത്രവാർത്തയിൽ പറയുന്നു. ചില ഓൺലൈൻ മീഡിയകളും വാർത്ത ഏറ്റെടുത്തു. ഇതോടെ കോൺ​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന മുരളീധരനാണ് ബിജെപിയിലേക്ക് കൂടുമാറുന്നതെന്ന പ്രചരണം ശക്തമായി. മുൻ കോൺ​ഗ്രസ് മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകന് അനിൽ ആന്റിണിക്ക് പിന്നാലെ മറ്റൊരു മുഖ്യമന്ത്രിയുടെ മകനും എന്നതരത്തിലാണ് മുരളീധരനെതിരെ വാർത്തകൾ പ്രചരിച്ചത്.

Advertisements

അതേസമയം ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾക്കെതിരെ കെ മുരളീധരൻ എംപി രംഗത്തെത്തി. എത്ര അപമാനം സഹിച്ചാലും കോൺഗ്രസുകാരനായി തുടരുമെന്നും കെ കരുണാകരന്റെ മകനെ സംഘിയാക്കാൻ ആരും മെനക്കെടണ്ടെന്നും കെ മുരളീധരൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പ്രൊഫൈൽ ചിത്രമാക്കിയാണ് മുരളീധരൻ തനിക്കെതിരെയുള്ള പ്രാചരണങ്ങളോട്  പ്രതികരിച്ചത്.

Advertisements

“നട്ടാൽ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. രാഹുൽ ​ഗാന്ധിയോടൊപ്പം 495 കിലോമീറ്റർ കേരളം മുഴുവൻ ഞാൻ കാൽനടയായി സഞ്ചരിച്ചത് ബിജെപിയിൽ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കും. എത്ര അപമാനിക്കാൻ ശ്രമിച്ചാലും കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി തുടരും. ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിൽ വേട്ടയാടാൻ നോക്കണ്ട.