KOYILANDY DIARY.COM

The Perfect News Portal

ഹാർട്ട് അറ്റാക്ക് സാധ്യത രാത്രിയിൽ കൂടുന്നത് എന്തുകൊണ്ട്?

ലോകത്ത് ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നത് ഹൃദയവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്. ഇതിൽ തന്നെ ഏറ്റവും വലിയ വില്ലൻ ഹാർട്ട് അറ്റാക്ക്, അഥവാ ഹൃദയാഘാതമാണ്. അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ പ്രകാരം, ഹാർട്ട് അറ്റാക്ക് കൂടുതലും സംഭവിക്കുന്നത് രാത്രി വൈകിയാണ്. എന്തുകൊണ്ടാണ് രാത്രിയിൽ ഹൃദയാഘാതം കൂടുതലായി സംഭവിക്കുന്നത്?

വിദഗ്ദ്ധരായ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ശരീരത്തിന്റെ ആന്തരിക ഘടികാരം അഥവാ ‘സർക്കാഡിയൻ റിഥം’ (circadian rhythm) ഹൃദയത്തിന്റെ പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. രാവിലെയോ രാത്രിയിലോ ശരീരത്തിന് ചലനം കുറവായിരിക്കുമെങ്കിലും, ഈ സമയങ്ങളിൽ ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങൾ ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന സമ്മർദ്ദങ്ങൾക്ക് കൂടുതൽ വിധേയമാക്കുന്നു. രാത്രിയിൽ ഹൃദയാഘാത സാധ്യത കൂട്ടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നോക്കാം.

 

സ്ലീപ് അപ്നിയ 
ഉറക്കത്തിൽ ശ്വാസമെടുപ്പ് താൽക്കാലികമായി നിലച്ചുപോകുന്ന ഒരു അവസ്ഥയാണ് സ്ലീപ് അപ്നിയ. ഇത് അടുത്തിടെയായി കൂടുതലായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഇത് ഹൃദയത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കാൻ കാരണമാകുന്നു. ഇത് ഹൃദയത്തിൻമേൽ സമ്മർദ്ദം വർദ്ധിക്കാൻ കാരണമാകും.

Advertisements

കുറഞ്ഞ ഹൃദയമിടിപ്പ് 

‘ബ്രാഡികാർഡിയ’ (bradycardia) എന്നും അറിയപ്പെടുന്ന ഈ അവസ്ഥയിൽ, ഒരു വ്യക്തി ഗാഢനിദ്രയിലായിരിക്കുമ്പോൾ, ഹൃദയമിടിപ്പ് ഗണ്യമായി കുറയുന്നു. നിലവിൽ ഹൃദ്രോഗമുള്ളവരിൽ ഈ സാഹചര്യം ചിലപ്പോൾ ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമായേക്കാം, ഇത് ഹൃദയാഘാതം പോലുള്ള പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

 

വാഗസ് നാഡിയുടെ പ്രവർത്തനം
രാത്രിയിലെ ഹൃദയാഘാതത്തിന് ഇത് നേരിട്ടുള്ള കാരണമായിരിക്കില്ലെങ്കിലും, ‘വാഗസ് നാഡി’യുടെ (vagus nerve) പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റം ഹൃദയത്തിന്റെ അസ്ഥിരതയ്ക്ക് കാരണമാകുന്നു. ഇത് ഹൃദയമിടിപ്പ് കുറയുന്നതിനോ ‘അസിസ്റ്റോൾ’ (asystole) എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുന്നതിനോ ഇടയാക്കും. സ്ലീപ് അപ്നിയ പോലുള്ള പ്രശ്‌നങ്ങളുള്ളവരിൽ, വാഗസ് നാഡിയുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റം ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

 

രാത്രിഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര വർദ്ധിക്കുന്നത്

രാത്രിഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് രാത്രിയിലെ ഹൃദയാഘാതത്തിന് കാരണമാകും. ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ശരീരത്തിൽ നീർക്കെട്ടിന് (chronic inflammation) കാരണമാവുകയും ചെയ്യും. കാലക്രമേണ ഇത് ‘അഥെറോസ്ക്ലീറോസിസ്’ (atherosclerosis – ധമനികളിൽ കൊഴുപ്പടിഞ്ഞുണ്ടാകുന്ന രോഗം), ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

 

രാത്രിയിൽ ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത (insulin sensitivity) കുറയുന്നതും, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം ദുർബലമാകുന്നതും ഈ അവസ്ഥയെ കൂടുതൽ വഷളാക്കുന്നു. ഈ ഘടകങ്ങളെല്ലാം, രാത്രികാലങ്ങളിൽ രക്തസമ്മർദ്ദം കൂടുന്നതിനും രക്തക്കുഴലുകളുടെ സങ്കോചത്തിലുമുണ്ടാകുന്ന സ്വാഭാവിക വ്യതിയാനങ്ങളുമായി ചേരുമ്പോൾ ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Share news