KOYILANDY DIARY

The Perfect News Portal

എന്താണ് വിഷു? ഐതിഹ്യങ്ങൾ എന്തൊക്കെയാണ്

വീണ്ടുമൊരു വിഷുക്കാലം വന്നെത്തി. മീനവെയിലിൽ മഞ്ഞ കൊന്നകൾ പൂക്കുന്ന വിഷു വരാനിരിക്കുന്ന വസന്തകാലത്തിന്റെ പടിവാതിലാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ ആരംഭത്തിന്റെ തുടക്കമാണ്. 1887ൽ പ്രസിദ്ധികരിക്കപ്പെട്ട വില്യം ലോഗന്റെ മലബാർ മാന്വലിൽ വിഷുവിനെ നവവർഷദിനമായി കണക്കാക്കുന്നു. ആണ്ടുപിറപ്പ് എന്നറിയപ്പെടുന്ന വിഷു സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷുവിന്റെ ഉത്ഭവത്തെ കുറിച്ച് പുരാണത്തിൽ രണ്ട് ഐതിഹ്യങ്ങളാണുള്ളത്. ഒരെണ്ണം മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ കുറിച്ചും മറ്റൊന്ന് രാമായണത്തിലെ രാവണനെ അടിസ്ഥാനമാക്കിയുമാണ്.

ശ്രീകൃഷ്ണനെ ആസ്പദമാക്കിയുള്ള ആദ്യത്തെ ഐതിഹ്യം പരിശോധിക്കുമ്പോൾ നരകാസുര വധമാണ് വിഷുവിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. ഭാഗവതത്തിൽ, ഹിരണ്യാക്ഷന് ഭൂമിദേവിയിൽ ജനിച്ച പുത്രനായ നരകാസുരൻ മഹാവിഷ്ണുവിന് നിന്ന് നാരായണാസ്ത്രം നേടുന്നു. അത് കൈവശമുള്ളപ്പോൾ തനിക്കല്ലാതെ മറ്റാർക്കും അവനെ വധിക്കാൻ കഴിയില്ല എന്ന വരവും വിഷ്ണു നൽകുന്നു. വരത്തിന്റെ കരുത്തിൽ അസുരൻ ഭൂലോകത്തെ കൈപ്പിടിയിലാക്കി. തുടർന്ന്, ദേവലോകം ആക്രമിച്ച നരകാസുരൻ ദേവേന്ദ്രന്റെ മാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റ കുടയും കൈവശപ്പെടുത്തി.

Advertisements

തുടർന്ന് ഇന്ദ്രന്റെ അപേക്ഷ പ്രകാരം നരകാസുരന്റെ രാജ്യതലസ്ഥാനമായ പ്രാഗ്‌ ജ്യോതിഷത്തിലേക്ക്‌ ഗരുഡാരൂഢനായി സത്യഭാമയുമൊത്ത്‌ ശ്രീകൃഷ്‌ണൻ എത്തുന്നു. ഇവരെ ആക്രമിക്കാനെത്തിയ അസുര സേനയുടെ പ്രമുഖരായ നേതാക്കൾ യുദ്ധക്കളത്തിൽ മരിച്ചു വീണു. തുടർന്നാണ് നരകാസുരൻ നേരിട്ട് യുദ്ധത്തിന് എത്തുന്നത്. യുദ്ധത്തിൽ വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനാൽ നരകാസുരൻ നിഗ്രഹിക്കപെടുന്നു. വസന്തകാലത്തിന്റെ ആരംഭത്തോടെയാണ് ഈ യുദ്ധം നടക്കുന്നത്. ഈ ദിനമാണ്‌ വിഷുവെന്ന്‌ അറിയപ്പെട്ടത്. ശ്രീകൃഷ്ണന്റെ നരകാസുരനിഗ്രഹത്തെ വിശേഷിപ്പിക്കുന്നത് തിന്മയ്ക്കുമേൽ നന്മ നേടിയ വിജയമായാണ്. തമിഴ്നാട്ടിൽ ആഘോഷിക്കുന്ന ദീപാവലിയുമായി ഈ ഐതിഹ്യത്തെ ബന്ധപ്പെടുത്താറുണ്ട്.

Advertisements

 

രണ്ടാമത്തെ ഐതിഹ്യം രാവണനുമായും സൂര്യനുമായും ബന്ധപ്പെട്ടാണ് പ്രചരിക്കുന്നത്. ലങ്കാധിപനായ രാവണൻ സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. ഇത് ഞങ്ങളുടെ ജീവിതത്തെ ഇരുട്ടിലാഴ്ത്തി. തുടർന്ന്, ശ്രീരാമൻ രാവണനെ വധിച്ചതിന് ശേഷമേ സൂര്യന് ഉദിക്കാൻ സാധിച്ചിരുന്നുള്ളു. സൂര്യൻ തിരികെ വന്നതിലുള്ള ജനങ്ങളുടെ ആഹ്ലാദ പ്രകടനമാണ് പിന്നീട് വിഷുവായി തീർന്നത്.