പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടം: മരണസംഖ്യ 15 ആയി, 60 പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ തീവണ്ടികൾ കൂട്ടിയിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 60-ഓളം പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ ചരക്കു തീവണ്ടിയും കാഞ്ചൻജംഗ എക്സ്പ്രസും കൂട്ടിയിടിച്ചായിരുന്നു അപകടം. കാഞ്ചൻജംഗ എക്സ്പ്രസ് രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെ ചരക്കു തീവണ്ടി പിന്നിലിടിക്കുകയായിരുന്നു. അപകടത്തിൽ കാഞ്ചൻജംഗയുടെ രണ്ട് കോച്ചുകളും ചരക്കുവണ്ടിയുടെ ഏതാനും ബോഗികളും പാളം തെറ്റി.

അപകട വിവരം ഞെട്ടലുണ്ടാക്കിയെന്നും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു. അപകടം ഞെട്ടിക്കുന്നതാണെന്നും സംഭവസ്ഥലത്തേക്ക് ഉടൻ എത്താൻ ഡോക്ടർമാർക്കും ദുരന്തനിവാരണ സംഘങ്ങൾക്കും നിർദേശം നൽകിയതായും മമത പറഞ്ഞു.

രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയിൽവേ, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ഏകോപനത്തോടെ പ്രവർത്തിക്കുന്നു. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

