KOYILANDY DIARY.COM

The Perfect News Portal

ക്ഷേമ പെന്‍ഷൻ കുടിശ്ശിക ഈ സാമ്പത്തിക വർഷം വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷൻ കുടിശ്ശിക ഇനത്തിൽ 1,700 കോടി രൂപ ഈ സാമ്പത്തിക വർഷം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവില്‍ സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെ അഞ്ച് ഗഡുക്കളാണ് കുടിശ്ശികയുള്ളത്. പ്രതിമാസം 1,600 രൂപയാണ് സാമൂഹ്യക്ഷേമ പെന്‍ഷനായി വിതരണം ചെയ്യുന്നത്.

2024 മാർച്ച് മുതല്‍ നിലവിലെ പെന്‍ഷന്‍ കൃത്യസമയത്തു നല്‍കിവരുന്നുണ്ട്. പണഞെരുക്കം കാരണമുണ്ടായ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളും 2025-26 ല്‍ മൂന്നു ഗഡുക്കളായും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തും നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 4,250 കോടി രൂപയാണ് ഈ ഇനത്തില്‍ കുടിശ്ശികയായുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കുടിശ്ശികയുടെ ഭാഗമായി 1,700 കോടി രൂപ വിതരണം ചെയ്യും. 

 

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ദേശീയ വിധവാ പെന്‍ഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവയ്ക്കാണ് കേന്ദ്ര സഹായം ലഭിക്കുന്നത്. നിലവിൽ കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണ്. 2024 മെയ് വരെ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാരാണ് നല്‍കിയത്. 2023 ജൂണ്‍ വരെയുള്ള കേന്ദ്ര വിഹിതം മാത്രമാണ് സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളത്. കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതിനാൽ അധിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ട സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Advertisements

 

Share news