കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ തകർക്കാൻ അനുവദിക്കില്ല’; IFFK-യിലെ മുഴുവൻ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്ന് സർക്കാർ
.
IFFK യിൽ 19 സിനിമകൾക്ക് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ‘സെൻസർ ഇളവ്’ ലഭിക്കാത്തതിനെ തുടർന്ന് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ ശക്തമായ നിലപാടുമായി സംസ്ഥാന സര്ക്കാര്. മുൻ നിശ്ചയിച്ച പ്രകാരം മുഴുവൻ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദ്ദേശം നൽകി.

കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല. കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന്മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

മുൻകൂർ ഷെഡ്യൂൾ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുപ്പതാമത് IFFK-യിൽ മുടക്കമില്ലാതെ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിർദ്ദേശം നൽകി.




