ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടാവണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മളെ പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ 76-ാമത് റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.

മന്ത്രി മുഹമ്മദ് റിയാസിനെ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും ജില്ലാ പൊലീസ് മേധാവി ടി നാരായണനും റൂറൽ പൊലീസ് മേധാവി കെ ഇ ബൈജുവും ചേർന്ന് സ്വീകരിച്ചു. മന്ത്രി ദേശീയപതാക ഉയർത്തിയശേഷം പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. ഫറോക്ക് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശ്രീജിത്തും ജില്ലാ പൊലീസ് ആസ്ഥാനത്തെ ആർഎസ്ഐ കെ സുജിത് കുമാറും പരേഡിന് നേതൃത്വംനൽകി.

പൊലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻസിസി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ്, സ്‌കൂൾ ബാൻഡ് അടക്കമുള്ള പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. മേയർ ബീന ഫിലിപ്പ്, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സബ് കലക്ടർ ഹർഷിൽ ആർ മീണ, എഡിഎം സി മുഹമ്മദ് റഫീഖ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. പരേഡിൽ സേനാ വിഭാഗത്തിൽ കോഴിക്കോട് സിറ്റി ആസ്ഥാനത്തെ ആർഎസ്ഐ ടി കോയ നേതൃത്വം നൽകിയ പ്ലാറ്റൂൺ ഒന്നാംസ്ഥാനം നേടി. കുട്ടികളുടെ വിഭാഗത്തിൽ എസ്‌പിസി ഗേൾസ് കോഴിക്കോട് റൂറൽ നന്മണ്ട എച്ച്സിലെ എം തന്മയ നയിച്ച പ്ലാറ്റൂൺ ഒന്നാംസ്ഥാനം നേടി.

