തിരുവോണം ബമ്പർ നറുക്കെടുപ്പ്; ആ ഭാഗ്യശാലിയെ ഇന്ന് അറിയാം

തിരുവനന്തപുരം: ലോട്ടറിയടിച്ച് ജീവിതം മാറിമറിയുന്നത് ആരുടെയാവും?. അതിനുള്ള ഉത്തരം ഇന്നറിയാം. കേരള ഭാഗ്യക്കുറിയുടെ 25 കോടി സമ്മാനത്തുകയുള്ള തിരുവോണം ബമ്പര്‍ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് നടക്കും. ഇതോടൊപ്പം 12 കോടിയുടെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പും പ്രകാശനവും നിര്‍വഹിക്കുന്നത്.

കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിയത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം വിറ്റത്.

ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.

ഒന്നാം സമ്മാനം 25 കോടി വരുന്ന തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 10 പരമ്പരകള്‍ക്ക് 2 ലക്ഷം വീതവുമാണ്. ഒപ്പം 5,000 മുതല്‍ 500 രൂപ വരെയുള്ള സമ്മാനവുമുണ്ട്.

