KOYILANDY DIARY.COM

The Perfect News Portal

ഏത് പ്രതിസന്ധിയിലും സ്വാതന്ത്രത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്; മന്ത്രി എം.ബി. രാജേഷ്

ഏത് പ്രതിസന്ധിയിലും സ്വാതന്ത്രത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൽ കോട്ടമൈതാനത്ത് പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധികളെയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള ഇച്ഛാശക്തി ഇന്ത്യൻ ജനതയ്ക്കുണ്ട്.

ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാഹോദര്യത്തിലും ഊന്നിയാണ് ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നത്. ജാതിയോ മതമോ ലിംഗ-ഭാഷാ ഭേദങ്ങളോ രാഷ്ട്രത്തിന് മുകളിലല്ലെന്ന കാഴ്ചപ്പാടാണ് ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. വിദ്വേഷത്തിൻ്റെ ശക്തികളെ നാം നേരിട്ടത് സാഹോദര്യം എന്ന ആശയം ഉയർത്തിപ്പിടിച്ചാണ്. സ്വാതന്ത്ര്യം കേവലമായ സങ്കല്പമല്ല, മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും ഒപ്പം മാത്രം പുലരാൻ കഴിയുന്ന ആശയമാണതെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലുണ്ടായ ദുരന്തത്തിൻ്റെയും അതിനെ അതിജീവിക്കാൻ നാം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിൻ്റെയും സാഹചര്യത്തിലാണ് എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനാഘോഷം എന്നും മന്ത്രി ഓർമിപ്പിച്ചു.

 

പതാക ഉയര്‍ത്തിയതിന് ശേഷം മന്ത്രി എം.ബി.രാജേഷ് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിച്ചു. കുഴൽമന്ദം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് കെ. ഗോപി പരേഡ് നയിച്ചു. എ.ആര്‍ ക്യാമ്പ്, കെ.എ.പി, ലോക്കല്‍ പൊലീസ് (വനിതാ, പുരുഷ വിഭാഗം), എക്സൈസ്, ഹോംഗാര്‍ഡ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനി, എന്‍.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ് ഉള്‍പെടെ 29 പ്ലാറ്റൂണുകളുടെ പരേഡ് നടന്നു. കാണിക്കമാത കോണ്‍വന്റ് ജി.എച്ച്.എസ്.എസിൻ്റെ ബാന്‍ഡ് വാദ്യം പരേഡിന് നിറപ്പകിട്ടേകി. തുടർന്ന് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisements

 

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് മുനിസിപ്പാലിയിലെ ഹരിത കർമസേനയും ഒതുങ്ങോട് അങ്കണവാടിയിലെ കുഞ്ഞുങ്ങളും തുക കൈമാറി. മന്ത്രി എം.ബി.രാജേഷ് ഏറ്റുവാങ്ങി. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, അസിസ്റ്റൻ്റ് കലക്ടർ ഡോ. എസ്.മോഹനപ്രിയ എന്നിവര്‍ പങ്കെടുത്തു. കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പതാക ഉയര്‍ത്തി.

Share news