“സഹോദരങ്ങളായി ഞങ്ങളുണ്ട് ‘; വയോധികന് സഹായവുമായി മന്ത്രി വീണാ ജോർജ്
തൃശൂർ: ‘സഹോദരങ്ങളായി ഞങ്ങളുണ്ട് ‘; വയോധികന് സഹായവുമായി മന്ത്രി വീണാ ജോർജ്. സഹായിക്കാനായി ആരുമില്ലെന്ന വിഷമത്തിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി മുരളീധരനും ഭാര്യയ്‌ക്കും ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ സഹായ ഹസ്‌തം. ആർദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി മന്ത്രി തൃശൂർ ജനറൽ ആശുപത്രി സന്ദർശിക്കുമ്പോഴാണ് കൂർക്കഞ്ചേരി സ്വദേശി മുരളീധരൻ മന്ത്രിയെ കാണുന്നത്.

തൻറെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു. 66 വയസുള്ള ഭാര്യ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിപിഎൽ ആണെങ്കിലും ചികിത്സാ കാർഡില്ല. മരുന്ന് വാങ്ങാൻ കാശില്ല. കഷ്‌ടപ്പാടാണ്. മക്കളില്ല, ആരുമില്ല സഹായിക്കാനെന്നും നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ഞങ്ങളുണ്ട്, സഹോദരങ്ങളായി ഞങ്ങളുണ്ട് എന്ന് പറഞ്ഞ് മന്ത്രി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിൻറെ ചികിത്സ ഉറപ്പാക്കാൻ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിർദേശം നൽകി. ജനറൽ ആശുപത്രിയിലെ അവരുടെ ചികിത്സയും മരുന്നും ഉറപ്പാക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു.

