KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം; യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് ഇത് ചെയ്യുക. റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബുധനാഴ്ച പുതിയത് വിതരണം ചെയ്യും.

ക്യാമ്പുകളില്‍ കഴിയുന്നവരെ താല്‍ക്കാലികമായി പുനരധിവസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 64 കുടുംബങ്ങള്‍ക്ക് സൗകര്യം കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കല്‍പ്പറ്റ, പടിഞ്ഞാറത്തറ, ബത്തേരി, കാരാപ്പുഴ എന്നിവിടങ്ങളിലെ 27 ക്വാര്‍ട്ടേഴ്സുകളിലും പട്ടികജാതി വികസന വകുപ്പിന്റെ വനിതാഹോസ്റ്റലിലും സൗകര്യമുണ്ട്.

 

വയനാട്ടില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. വയനാട് രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ പരിഗണിക്കും. എത്ര ദിവസം രക്ഷാപ്രവര്‍ത്തനം തുടരണമെന്ന കാര്യവും പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കലും ചര്‍ച്ചയാകും. ദുരിതബാധിതര്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കാനും സാധ്യതയുണ്ട്.

Advertisements

 

വിവിധ സേനാവിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ചേര്‍ന്ന് വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തബാധിത മേഖലകളില്‍ ബുധനാഴ്ച സമഗ്ര പരിശോധന നടത്തും. നേരത്തെ തിരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ സേന വിഭാഗം പരസ്പരം മാറിയാണ് പരിശോധിക്കുക. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കും. വയനാട്ടിലുള്ള മന്ത്രിമാര്‍ ഓണ്‍ലൈനായി പങ്കെടുക്കും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.

Share news