KOYILANDY DIARY.COM

The Perfect News Portal

വയനാട്‌ ദുരന്തം; രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്‌ ചൂരല്‍മലയില്‍ രക്ഷാപ്രവർത്തനം പൂർണതോതിൽ തുടരുകയാണെന്ന്‌ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 191 പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്നും മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍  1592 പേരെ രക്ഷപ്പെടുത്തി. വയനാട് ജില്ലയിലാകെ നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളുണ്ട്. മൊത്തം 421 കുടുംബങ്ങളിലായുള്ള 1486 പേര്‍ ഈ ക്യാമ്പുകളില്‍ കഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

പരിക്കേറ്റവർക്ക് ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയതായും ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായം സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു അതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും, 94 എന്‍.ഡി.ആര്‍ഫ് അംഗങ്ങളും, 167 ഡി.എസ്.സി അംഗങ്ങളും, എം.ഇ.ജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു.

Advertisements

 

കോസ്റ്റ് ഗാര്‍ഡ് അംഗങ്ങൾ ചൊവ്വാഴ്ച എത്തിച്ചേര്‍ന്നിട്ടുണ്ട്. പുഴയിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെത്തുന്ന മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സജ്ജീകരണങ്ങളും പ്രവര്‍ത്തന നിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നൽകിയിട്ടുള്ളത്. റോഡ് തടസ്സം ഒഴിവാക്കാനുള്ള നടപടികളും കെെക്കൊണ്ടിട്ടുണ്ട്. നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്.

 

Share news