KOYILANDY DIARY.COM

The Perfect News Portal

വയനാട് മെഡിക്കൽ കോളേജ്; കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്താൻ രണ്ടു തസ്തികകൾ അനുവദിച്ചു

വയനാട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്താൻ തസ്തിക മാറ്റത്തിലൂടെ രണ്ടു തസ്തികകൾ അനുവദിച്ചതായി മന്ത്രി വീണാ ജോർജ്. ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയും സീനിയർ റസിഡന്റ് തസ്തികയുമാണ് അനുവദിച്ചത്. മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ സുഗമമായ പ്രവർത്തനത്തിനും കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിനും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു.

ഹൃദ്രോഗ ചികിത്സാ രംഗത്ത് നൂതന ചികിത്സ സാധ്യമാക്കാൻ വയനാട് മെഡിക്കൽ കോളേജിൽ സർക്കാർ കാത്ത് ലാബ് സജ്ജമാക്കി കാർഡിയോളജിസ്റ്റുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. കാത്ത് ലാബിൽ എക്കോ പരിശോധനകൾ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളിൽ ഉണ്ടാകുന്ന തടസങ്ങൾക്കും കാത്ത് ലാബിൽ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി. സംവിധാനവും കാത്ത് ലാബിലുണ്ട്.

 

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാത്ത് ലാബ് മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിച്ചത്. കാത്ത് ലാബ് സിസിയുവിൽ ഏഴു കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അടുത്തിടെ വയനാട് ജില്ലയിൽ ആദ്യമായി സിക്കിൾ സെൽ രോഗിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി നടത്തിയിരുന്നു.

 

Share news