KOYILANDY DIARY

The Perfect News Portal

വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ ചർച്ച തുടങ്ങി; രാഹുൽ ഗാന്ധി വയനാട്‌ ഉപേക്ഷിക്കുമെന്ന് സൂചന

കൽപ്പറ്റ: വോട്ടെണ്ണലിന്റെ പിന്നാലെ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌ ചർച്ച തുടങ്ങി. വയനാട്ടിലും റായ്‌ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട്‌ ഉപേക്ഷിക്കുമെന്ന സൂചനകൾ വന്നതോടെയാണ്‌ മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ്‌ ചർച്ചകൾ തുടങ്ങിയത്‌. രാഹുൽ വയനാട്‌ വിടുമെന്ന നിഗമനത്തിലാണ്‌ യുഡിഎഫ്‌ നേതാക്കളും പ്രവർത്തകരും. പകരം സ്ഥാനാർത്ഥി ആരാകുമെന്നതുൾപ്പെടെയുള്ള ചർച്ചകളാണിപ്പോൾ. പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണമാണ്‌.

പ്രിയങ്ക അല്ലെങ്കിൽ കോൺഗ്രസിന്‌ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയാകും. അത്രയധികംപേർ സീറ്റ്‌ മോഹിക്കുന്നുണ്ട്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കാൻ തയ്യാറല്ലായിരുന്നുവെങ്കിൽ യുഡിഎഫ്‌ കൺവീനർ എം എം ഹസൻ ഉൾപ്പെടെയുള്ളരെ കോൺഗ്രസ്‌ കണ്ടുവെച്ചിരുന്നു. മണ്ഡലത്തിനകത്തും പുറത്തുമുള്ളവർ സീറ്റ്‌ ആഗ്രഹിക്കുന്നുണ്ട്‌. മുസ്ലീം ലീഗ്‌ സീറ്റിന്‌ അവകാശം ഉന്നയിക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും ലീഗ്‌ അവകാശവാദം ഉന്നയിച്ചിരുന്നു.

 

രാഹുൽ വീണ്ടും മത്സരിക്കുമെന്ന്‌ ഉറപ്പായതോടെ പിൻമാറിയതാണ്‌. രാഹുൽ ഒഴിയുന്ന സാഹചര്യം വന്നാൽ സീറ്റിനായി പിടിമുറുക്കും. ജൂലൈയിൽ രാജ്യസഭയിൽ ഒഴിവ്‌ വരുന്ന സീറ്റ്‌ നൽകാമെന്ന ഉറപ്പിലാണ്‌ ലോക്‌സഭയിലെ മൂന്നാം സീറ്റിൽ ലീഗ്‌ വിട്ടുവീഴ്‌ച ചെയ്‌തത്‌. രാജ്യസഭ ലഭിച്ചില്ലെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വയനാട്‌ വേണമെന്ന ഉറച്ചനിലപാടെടുക്കും. വഴങ്ങേണ്ടി വന്നാൽ കോൺഗ്രസിനുള്ളിൽ പ്രതിസന്ധിയുണ്ടാകും. 

Advertisements

 

എന്നാൽ റായ്‌ബറേലിയിൽ മത്സരിക്കുന്നത്‌ മറച്ചുവെച്ച്‌ വയനാട്ടിൽ രാഹുൽ ജനവിധി തേടിയത്‌ ഉപതെരഞ്ഞെടുപ്പിൽ വിശദീകരിക്കേണ്ടിവരും. വോട്ടർമാരെ വിശ്വാസത്തിലെടുക്കാതെ വോട്ട്‌ തേടിയത്‌ വഞ്ചനയാണെന്ന്‌ ആക്ഷേപം ഉയർന്നിരുന്നു. രാജിവെച്ചൊഴിഞ്ഞാൽ, വയനാട്‌ തന്റെ കുടുംബമാണെന്നും ഒരിക്കലും ഉപേക്ഷിക്കില്ലെന്നുമുള്ള രാഹുലിന്റെ ആവർത്തിച്ചുള്ള പറച്ചിൽ പൊള്ളയായിരുന്നെന്നും തെളിയും.