KOYILANDY DIARY.COM

The Perfect News Portal

ആർമിയിൽ ചേരാൻ ആഗ്രഹമുണ്ടോ? പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബി എസ് എഫിൽ അവസരം

ഇന്ത്യൻ ആർമിയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്തികകളിൽ അവസരം. 1121 ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കാണ് നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ – ആർഒ) 910, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക് – ആർഎം) 211 എന്നിങ്ങനെയാണ്‌ നിലവിൽ നിയമനം നടത്തുന്നത്. ആർഒ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസായിരിക്കണം.

കൂടാതെ റേഡിയോ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഓപ്പറേറ്റർ/പ്രോഗ്രാമിങ്‌ അസിസ്റ്റന്റ് തുടങ്ങിയ ട്രേഡുകളിൽ രണ്ട് വർഷത്തെ ഐടിഐ ഡിപ്ലോമ അല്ലെങ്കിൽ, 12-ാം ക്ലാസ് യോഗ്യത (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ആർഎം തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ടവർ പത്താം ക്ലാസ് പാസായിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ ഐടിഐ ഡിപ്ലോമയും അനിവാര്യമാണ്. 12-ാം ക്ലാസ് പാസായവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 18 മുതൽ 25 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാവുന്നതാണ്. നിയമാനുസൃത ഇളവ്‌ ലഭിക്കും.

 

യുആർ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് ഓരോ തസ്തികയ്ക്കും 100 രൂപ + 59 രൂപ സിഎസ്‌സി അടങ്ങുന്നതാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി, സ്ത്രീകൾ, ഡിപ്പാർട്ട്‌മെന്റൽ, വിമുക്തഭടന്മാർക്ക് അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല. സെപ്‌തംബർ 23 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഴുത്തുപരീക്ഷ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് ആൻഡ് ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, പ്രമാണ പരിശോധന, വിവരണാത്മക പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ നിയമനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് www.bsf.nic.in. എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Advertisements
Share news