KOYILANDY DIARY.COM

The Perfect News Portal

വി എസിൻ്റെ സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസിന്റെ മൃതദേഹം എ കെ ജി സെൻ്ററിൽ എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ  എത്തിക്കും.

ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി ഭവനിൽ പതാക താഴ്ത്തി കെട്ടും എം വി ഗോവിന്ദൻ പറഞ്ഞു.

ഇന്ന് ഉച്ച കഴിഞ്ഞ് 3.20നാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. ഏറെ നാളായി വിശ്രമ ജീവിതത്തിൽ ആയിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോ​ഗത്തോടെ ഒരു നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണത്.

Advertisements

1923 ഒക്‌ടോബർ 20ന് ആലപ്പുഴ നോർത്ത് പുന്നപ്രയിൽ ശങ്കരൻ – അക്കമ്മ ദമ്പതികളുടെ മകനായാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട അച്യുതാനന്ദന് ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് സമരം തന്നെയായിരുന്നു ജീവിതം. 1939ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വതന്ത്ര്യസമരത്തിൻറെ ഭാഗമായി.

1940ൽ പതിനേഴാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായി പങ്കെടുത്ത വിഎസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. മരിച്ചെന്ന് കരുതിയാണ് ഉപേക്ഷിച്ചത്. എന്നാൽ അവിടെനിന്ന് കേരളത്തിന്റെ സമരചരിത്രത്തിലെ ഉജ്ജ്വല അധ്യായം തുടങ്ങുകയായിരുന്നു.

Share news