വി എസ് ഡി പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി മയക്കുമരുന്നുമായി പിടിയിൽ

വൈകുണ്ഠ സ്വാമി ധർമ പ്രചരണ സഭ (VSDP) നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി മയക്കുമരുന്നുമായി പൊലീസ് പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറത്താണ് എംഡിഎംഎയുമായി രണ്ടു യുവാക്കളും ഒരു യുവതിയും പൊലീസിന്റെ പിടിയിലായത്. പെരുമ്പഴുതൂർ സ്വദേശി ശിവജി, തൃശ്ശൂർ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശി സൗമ്യ എന്നിവരെയാണ് പൂവാർ പോലീസാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, നെടുമങ്ങാട് വൻ ചാരായവേട്ട. നെടുമങ്ങാട് വലിയമലയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നും 149 ലിറ്റർ വാറ്റ് ചാരായമാണ് പിടികൂടിയത്. ഒപ്പം 39 ലിറ്റർ വൈൻ, വെടിമരുന്ന്, കാട്ടുപന്നിയുടെ അവശിഷ്ടങ്ങൾ തുടങ്ങിയവയും കണ്ടെത്തി. സംഭവത്തിൽ വലിയമല പനയ്ക്കോട് സ്വദേശി ഭജൻലാലി (32) നെ റൂറൽ എസ്പിയുടെ സ്പെഷ്യർ ഡാൻസാഫ് ടീം പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഘം വീട്ടിൽ എത്തി പരിശോധന നടത്തിയത്.

ഭജൻ ലാലിന്റെ വീടിന്റെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകൾക്ക് ഉളളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. വീടിന്‍റെ മുറ്റത്ത് ചീര കൃഷി നടത്തി അതിന് സമീപമുള്ള കുഴിയിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. കാട്ടുപന്നിയെ വേട്ടയാടാൻ വേണ്ടിയാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.

