വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടർന്നു വരുന്നുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പട്ടം എസ് യു ടി ആശുപത്രിയിൽ ആണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.

നിരവധി നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഇന്ന് ജി സുധാകരൻ ആശുപത്രിയിൽ എത്തിയിരുന്നു. സി കെ ശശീന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, എസ് ശർമ, വി ജോയ്, എം വി ജയരാജൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ എന്നിവരും ആശുപത്രിയിൽ എത്തി. വിഎസിനെ കാണാൻ സാധിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുമായി നേതാക്കൾ സംസാരിച്ചു.

