KOYILANDY DIARY.COM

The Perfect News Portal

കർഷകതൊഴിലാളി’യുടെ പ്രഥമ കേരള പുരസ്‌കാരം വി എസ്‌ അച്യുതാനന്ദന്‌

തിരുവനന്തപുരം: കെഎസ്‌കെടിയു മുഖമാസിക ‘കർഷകതൊഴിലാളി’യുടെ പ്രഥമ കേരള പുരസ്‌കാരം മുൻമുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ നൽകുമെന്ന്‌ കർഷകത്തൊഴിലാളി മുഖമാസിക മാനേജർ ആനാവൂർ നാഗപ്പൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരം അഞ്ചിന്‌ വൈകിട്ട്‌ അഞ്ചിന്‌ അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.

കഥ, കവിത, പ്രബന്ധം എന്നിവയിൽ 40,001 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന സാഹിത്യപുരസ്‌കാരം നൽകും. ‘ഒറ്റമുളയേണി’ കഥയ്‌ക്ക്‌ സുരേഷ്‌ പേരിശ്ശേരി, ‘ഒരേ സീറ്റിൽ!’ കവിതയ്‌ക്ക്‌ ശ്രീജിത്‌ അരിയല്ലൂർ, സ്വാതന്ത്ര്യം ഇന്ത്യയുടെ 75 വർഷങ്ങൾ വിഷയത്തിലുള്ള പ്രബന്ധത്തിന്‌ കെ രാജേന്ദ്രൻ എന്നിവർക്കാണ്‌ സാഹിത്യപുരസ്‌കാരം. ‘രാവുടൽ’ കഥയ്‌ക്ക്‌ എ വി സത്യേഷ്‌ കുമാർ, ‘അമ്മയില്ലാത്ത വീട്‌’ കവിതയ്‌ക്ക്‌  ശ്രീദേവി കെ ലാൽ, പ്രബന്ധ രചനയ്‌ക്ക്‌ നീലിമ വാസൻ എന്നിവർക്ക്‌ 20,001 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പ്രോത്സാഹന പുരസ്‌കാരവും നൽകും.

 

എം എ ബേബി ചെയർമാനായ ജൂറിയാണ്‌ കേരള പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്‌. കവിതയ്‌ക്ക്‌ പ്രഭാവർമ, കഥയ്‌ക്ക്‌ അശോകൻ ചരുവിൽ, ലേഖനത്തിന്‌ വി കാർത്തികേയൻ നായർ എന്നിവർ ചെയർമാന്മാരായ ജൂറി ജേതാക്കളെ തെരഞ്ഞെടുത്തു. കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, ട്രഷറർ സി ബി ദേവദർശൻ, കർഷകത്തൊഴിലാളി മുഖമാസിക എഡിറ്റർ പ്രീജിത്‌ രാജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisements
Share news