ആഫ്രിക്കൻ എക്സ്പ്രസ് സർവീസ് പട്ടികയില് ഇടം നേടി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആഫ്രിക്കൻ എക്സ്പ്രസ് സർവീസിൽ ഉൾപ്പെടുത്തി. മാർച്ചിൽ ഏഷ്യയെ യൂറോപ്പുമായി ബന്ധിക്കുന്ന ജേഡ് സർവീസിൽ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ആഫ്രിക്കൻ സർവീസിൽ ഉൾപ്പെട്ട കപ്പലും വിഴിഞ്ഞത്തെത്തി തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ ശൃംഖലയായ എംഎസ്സി ഐറിന ക്ലാസിലെ രണ്ടാമത്തെ കപ്പൽ മിഷേൽ കപ്പല്ലിനി കഴിഞ്ഞ ദിവസമാണ് ബർത്തിലെത്തിയത്. 399.9 മീറ്റർ നീളവും 61.3 വീതിയുമുള്ള കപ്പലിൽ 24,346 ടിഇയു ശേഷിയുണ്ട്. കഴിഞ്ഞമാസം ഈ ശൃംഖലയിലെ എംഎസ്സി തുർക്കി വിഴിഞ്ഞത്ത് എത്തിയിരുന്നു.

ചരക്ക് നീക്കത്തിന് കുറഞ്ഞ സമയവും കൂടുതൽ വിശ്വാസ്യതയും വാഗ്ദാനം ചെയ്താണ് 2019ൽ എംഎസ്സി ആഫ്രിക്കൻ എക്സ്പ്രസ് സർവീസ് പ്രഖ്യാപിച്ചത്. ചൈനയിൽനിന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് സർവീസുകൾ ഫാർഈസ്റ്റ്, മിഡിൽ ഈസ്റ്റ്, പാകിസ്ഥാൻ, ശ്രീലങ്ക, ഘാന രാജ്യങ്ങളെ ലക്ഷ്യമിട്ടാണിത്. ഇന്ത്യയിൽ നിന്നുള്ള ചരക്കുകൾ ആഫ്രിക്കയിലേക്ക് കൊണ്ടുപോകുന്നതിന് കൊളംബോയ്ക്കുപകരം വിഴിഞ്ഞത്ത് ഇനിമുതൽ എത്തിച്ചാൽ മതിയാകും. ശരാശരി 4000 ടിഇയു കണ്ടെയ്നറുകൾ ആഫ്രിക്കൻ സർവീസിനുണ്ട്. കൂടുതൽ കണ്ടെയ്നർ എത്തുന്നതോടെ കൃത്യമായി സർവീസെത്തുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ് സൂചന.

ജേഡ് സർവീസിന് വിഴിഞ്ഞത്തുനിന്ന് ശരാശരി 5000 ടിഇയു കണ്ടെയ്നറുകളുണ്ട്. ചില ആഴ്ചകളിൽ അത് 10,000 ടിഇയുവരെ ഉയരാറുണ്ടെന്ന് തുറമുഖ അധികൃതർ പറയുന്നു. ബുധൻ–- വ്യാഴം ദിവസങ്ങളിലാണ് കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്. ഒന്നാംഘട്ടത്തിന്റെ കമീഷനിങ് കഴിഞ്ഞതോടെ ഈ തോതും ഉയർന്നേക്കും. ഇതുവരെ വിഴിഞ്ഞത്ത് 302 കപ്പലുകളെത്തി. ഇവയിൽനിന്നായി 6.32 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.

വിഴിഞ്ഞം തുറമുഖത്ത് കപ്പൽ അടുപ്പിക്കാൻ സുരക്ഷിതമായും എളുപ്പത്തിലും കഴിഞ്ഞതായി എംഎസ്സി മിഷേൽ കപ്പല്ലിനിയുടെ മലയാളി ക്യാപ്റ്റൻ മിൽട്ടൺ ജേക്കബ്. തുറമുഖത്തെ ചരക്ക് നീക്കത്തിനായുള്ള സൗകര്യങ്ങളും തുറമുഖ അധികൃതരുടെ സമീപനവും മികച്ചതാണ്. ലോകത്തെ വിവിധ തുറമുഖങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ വിഴിഞ്ഞം തുറമുഖത്തെപ്പോലുള്ളവ കുറവാണ് തുറമുഖത്തിന്റെ കമീഷനിങ് കഴിഞ്ഞ ഉടൻ ഇവിടെ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കപ്പൽ ചൊവ്വാഴ്ച രാത്രിയോടെ ഘാനയിലേക്ക് തിരിച്ചു. തൃശൂർ സ്വദേശിയാണ് മിൽട്ടൺ.

