വിഴിഞ്ഞം തുറമുഖം പുതു ചരിത്രത്തിലേക്ക്. ബുധനാഴ്ച രാത്രിയോടെ ആദ്യ ചരക്കുകപ്പൽ നങ്കൂരമിടും

എറണാകുളം: വിഴിഞ്ഞം പുതു ചരിത്രത്തിലേക്ക്.. അന്താരാഷ്ട്ര തുറമുഖത്ത് ബുധനാഴ്ച രാത്രിയോടെ ആദ്യ ചരക്കുകപ്പൽ നങ്കൂരമിടും. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെർസ്‌കിൻ്റെ മദർഷിപ്പായ സാൻ ഫെർനാണ്ടോയാണ് ചരിത്രം കുറിച്ച് വിഴിഞ്ഞത്ത് നങ്കൂരമിടുക. കപ്പലിൻ്റെ ബെർത്തിങ് വ്യാഴം രാവിലെ നടക്കും. തുടർന്ന് കപ്പലിൽനിന്ന് കണ്ടെയ്‌നറുകൾ ഇറക്കിത്തുടങ്ങും. വെള്ളി രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേത്യത്വത്തിൽ കപ്പലിന് സ്വീകരണം നൽകും. ട്രയൽ റൺ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് കണ്ടെയ്‌നറുകൾ യാർഡിലേക്ക് ഇറക്കിവയ്ക്കും. വൈകിട്ട് കപ്പൽ തിരിച്ചുപോകും.

ചൈനയിലെ സിയാമെൻ തുറമുഖത്തുനിന്നാണ് പുറപ്പെട്ടത്. മുന്നൂറു മീറ്റർ നീളവും 48 മീറ്റർ വീതിയുമുള്ള കപ്പലിന് 9000 കണ്ടെയ്നറുകൾ വരെ വഹിക്കാൻ ശേഷിയുണ്ട്. വിഴിഞ്ഞത്ത് ഇറക്കുന്ന ചരക്ക് കൊൽക്കത്ത, മുബൈ തുറമുഖത്തേക്കുള്ളതാണെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ശനി, ഞായര് ദിവസങ്ങളിലായി ചരക്കുകൊണ്ടുപോകുന്നതിന് മാറിൻ അസൂർ, സിസ്‌പാൻ സാൻ്റോസ് എന്നീ ഫീഡർ വെസലുകൾ എത്തും. രണ്ടുമാസം ട്രയൽ റൺ നടക്കും.

ഒക്ടോബറിലാണ് തുറമുഖത്തിൻ്റെ വാണിജ്യ പ്രവർത്തനം ആരംഭിക്കുക. രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമാണ് വിഴിഞ്ഞം. പ്രധാനമായും ട്രാൻസ്‌ഷിപ്പ്മെൻ്റ് കണ്ടെയ്‌നറുകളാണ് ഇവിടെ കൈകാര്യം ചെയ്യുക.
ട്രാൻസ്‌ഷിപ്‌മെൻ്റ്
ഒരു തുറമുഖത്തുനിന്ന് കയറ്റുന്ന ചരക്ക് മറ്റൊരു തുറമുഖത്ത് നിർത്തി വേറൊരു കപ്പലിൽ കയറ്റുന്ന പ്രക്രിയയാണ് ട്രാൻസ്‌ഷിപ്പ്‌മെൻ്റ്. ഉദാഹരണത്തിന് മുംബൈയിൽനിന്ന് സിംഗപ്പൂരിലേക്ക് പോകുന്ന കപ്പൽ കൊളംബോയിൽ നിർത്തി ചരക്ക് ഇറക്കുകയും മാർഷിപ്പിൽ കയറ്റി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുകയും ചെയ്യും. നിലവിൽ ഇന്ത്യയിൽനിന്നുള്ള കപ്പലുകൾ പൊതുവെ കൊളംബോയിൽ എത്തിയാണ് ചരക്ക് കൈമാറുന്നത്. മദർഷിപ്പുകൾ വന്നുപോകുന്ന തുറമുഖങ്ങൾ ഇല്ലാത്തതാണ് കാരണം, വിഴിഞ്ഞം യാഥാർഥ്യമായതോടുകൂടി ഇതിന് മാറ്റം വരും. സമയലാഭത്തിന് പുറമേ വിദേശരാജ്യങ്ങളിലേക്ക് ഒഴുകുന്ന നികുതിയും ലാഭിക്കാനാകും:
