വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; മകൾ വൈഭവിയെ ദുബായിൽ സംസ്കരിക്കും

ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ വിപഞ്ചികയുടെ ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ തീരുമാനിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടെങ്കിലും വിപഞ്ചികയുടെ ഭർത്താവ് നിതീഷ് ഇതിനു തയ്യാറായില്ല.

വിപഞ്ചികയുടെ മാതാവ് ശൈലജ വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ശൈലജയും മകൻ വിനോദും ഷാർജയിൽ എത്തി കോൺസുലേറ്റിന്റെ സഹായമുൾപ്പെടെ തേടിയിരുന്നു. എന്നാൽ കുഞ്ഞിന്റെ മൃതദേഹം വിട്ടു നൽകാൻ പിതാവ് നിതീഷ് തയ്യാറായില്ല. കുട്ടിയുടെ മൃതദേഹം യു എ ഇയിൽ തന്നെ സംസ്കരിക്കാൻ ആണ് നിതീഷിന്റെ തീരുമാനം.

ഇത് സംബന്ധിച്ചു ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ നിതീഷുമായി ചർച്ച നടത്തിയെങ്കിലും നിതീഷ് വഴങ്ങിയില്ല. വൈഭവിയുടെ മൃതദേഹം ഇന്ന് ദുബായിൽ സംസ്കരിക്കും. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ കുഞ്ഞിന്റെ സംസ്കാരം ഇനിയും വൈകുന്നത് ഒഴിവാക്കാൻ ആണ് വിട്ടുവീഴ്ച ചെയ്തതെന്നും വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും പറഞ്ഞു.

വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്. മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമം. മകളുടെ ആത്മഹത്യക്ക് കാരണം ഭർതൃ പീഡനമാണെന്നു ആരോപിച്ച് വിപഞ്ചികയുടെ ബന്ധുക്കൾ കുണ്ടറ പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, സഹോദരി, പിതാവ് മോഹനൻ എന്നിവരെ പ്രതിയാക്കി പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയിട്ടുണ്ട്. നിയമ പോരാട്ടവുമായി മുന്നോട്ടു പോകാനാണ് വിപഞ്ചികയുടെ അമ്മയുടെയും സഹോദരന്റെയും തീരുമാനം.

