കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ പോലീസിനു നേരെ അക്രമം
കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാസർകോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ആർഡി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ വൻ അക്രമം. യൂത്ത് കോണഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. ബാരിക്കേഡ് തകർക്കാനുള്ള ശ്രമം തടയുന്നതിനിടെ ഹൊസ്ദുർഗ് സ്റ്റേഷനിലെ പി വി ഷൈജു, ചീമേനി സ്റ്റേഷനിലെ സുരേഷ് ബാബു എന്നിവരുടെ കൈ കീറി. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധമായിരുന്നെങ്കിലും പൊലീസുകാരുടെ അംഗബലം പോലും പ്രവർത്തകർക്കുണ്ടായിരുന്നില്ല. ഏറെ പരിശ്രമത്തിനൊടുവിൽ ബാരിക്കേഡ് മറിച്ചിടാനായെങ്കിലും ജല പീരങ്കി പ്രയോഗിച്ചതോടെ മുദ്രാവാക്യം വിളിയോടെ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പിരിഞ്ഞ് പോയി.

നേതാക്കളായ പ്രദീപ് കുമാർ, കാർത്തികേയൻ തുടങ്ങിയ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ചിറ്റാരിക്കാൽ സിഐ രഞ്ജിത്ത് രവീന്ദ്രൻ, അമ്പലത്തറ സിഐ ടി കെ മുകുന്ദൻ, വെള്ളരിക്കുണ്ട് സിഐ പി ഷീജു, കാഞ്ഞങ്ങാട് പ്രിൻസിപ്പൽ എസ്ഐ കെ പി സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെ തടഞ്ഞത്.




