ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരിച്ചു; ജസ്‌ന സലീമിനെതിരെ കലാപാഹ്വാനത്തിന് കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് വിഡിയോ ചിത്രീകരിച്ച യുവതിക്ക് എതിരെ കലാപാഹ്വാനത്തിന് കേസ്. കോഴിക്കോട് സ്വദേശിനി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. ചിത്രകാരിയാണ് ജസ്‌ന സലിം. കൃഷ്ണഭക്ത എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധയാകര്‍ഷിച്ച വ്യക്തി കൂടിയാണ്.

നേരത്തെ ഗുരുവായൂരമ്പലത്തിന് സമീപത്ത് വെച്ച് കേക്ക് മുറിച്ച് അതിന്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവരുടെ പേരില്‍ വിവാദമുണ്ടായിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

ഇതിന് പിന്നാലെ കഴിഞ്ഞ മാസം അമ്പലത്തിന്റെ വടക്കേ നടയിലുള്ള ഇ – കാണിക്കയ്ക്ക് മുകളിലെ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തിക്കൊണ്ട് വീണ്ടുമൊരു വീഡിയോ ഇവര്‍ ചിത്രീകരിച്ചു. ഇത് സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആ പരാതിയിലാണ് കേസെടുത്തത്.

