KOYILANDY DIARY.COM

The Perfect News Portal

കേരളത്തിന്റെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയൻ പാർലമെന്റ് സമിതി

തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനെ അഭിനന്ദിച്ച് വിക്‌ടോറിയൻ പാർലമെന്റ് സമിതി. ആരോഗ്യ മന്ത്രി വീണാ ജോർജുമായി സെക്രട്ടറിയറ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് സമിതി കേരളത്തിന്റെ ആരോഗ്യ മേഖലയേയും പ്രത്യേകിച്ച് ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനേയും അഭിനന്ദിച്ചത്. കാൻസർ പ്രതിരോധത്തിനും ബോധവൽകരണത്തിനും ചികിത്സയ്ക്കുമായാണ് ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ ക്യാമ്പയിൻ ആരംഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ലോക കാൻസർ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ 15 ലക്ഷത്തിലധികം പേർക്ക് സ്‌ക്രീനിങ് നടത്തി. ആദ്യഘട്ടത്തിൽ സ്ത്രീകളെ ബാധിക്കുന്ന കാൻസറിനാണ് പ്രാധാന്യം നൽകിയത്. സ്‌ക്രീനിങ്ങിൽ പങ്കെടുത്തവരിൽ രോഗം സംശയിച്ചവർക്ക് തുടർ പരിശോധനയും ചികിത്സയും ഉറപ്പാക്കി. ഭൂരിപക്ഷം പേരിലും പ്രാരംഭ ഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കുന്നു. ഈ ക്യാമ്പയിനിലൂടെ പുരുഷൻമാരുടെ കാൻസർ സ്‌ക്രീനിങ്ങും ആരംഭിച്ചിട്ടുണ്ട്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി സ്‌ക്രീനിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 30 വയസിന് മുകളിലുള്ള മുഴുവൻ പേരേയും സ്‌ക്രീനിങ് നടത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. ആയുർദൈർഘ്യം ഏറ്റവും കൂടുതലാണ് വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ജെറിയാട്രിക് കെയറിന് സംസ്ഥാനം വളരെ പ്രാധാന്യം നൽകുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ സംസ്ഥാനം രാജ്യത്തിന് മാതൃകയായ പ്രവർത്തനം നടത്തി. ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ വളരെയധികം കുറവ് വരുത്താൻ സാധിച്ചു. കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വലിയ വികസനമാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. വനിതകളുടെ ശാക്തീകരണത്തിനായി നടത്തുന്ന പ്രവർത്തനങ്ങളേയും സംഘം അഭിനന്ദിച്ചു.

Advertisements

 

എംപിമാരായ ലീ ടാർലാമിസ് ഓം, പോളിൻ റിച്ചാർഡ്‌സ്, ബെലിൻഡ വിൽസൺ, ഷീന വാട്ട്, ജൂലിയാന അഡിസൺ തുടങ്ങിയവരുടെ സംഘമാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെയും ചർച്ചയിൽ പങ്കെടുത്തു.

 

Share news