വെളിയണ്ണൂർ ചല്ലി സമഗ്ര വികസനം ” സ്വപ്ന പദ്ധതിക്ക് ചിറകുവെച്ചു ”
കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലി സമഗ്ര വികസനം ” സ്വപ്ന പദ്ധതിക്ക് ചിറകുവെച്ചു ” 20.7 കോടി രൂപയുടെ സാങ്കേതിക അനുമതിയായതായി എം.എൽ.എ.മാർ അറിയിച്ചു. വള്ളികളും, പായലുകളും നിറഞ്ഞ് ഒരിക്കലും നടപ്പാക്കാനാകില്ല എന്ന് പറഞ്ഞ് എഴുതിതള്ളിയ പദ്ധതിയാണ് ഇടത് സർക്കാരിൻ്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇച്ഛാശക്തിയുടെ ഭാഗമായി പുനർജ്ജനിക്കുന്നത്. പതിറ്റാണ്ടുകളായി തരിശ്ഭൂമിയായി അനാഥമായി കിടന്ന വെളിയണ്ണൂർ ചല്ലി ഇനി നൂറുമേനി വിളയിക്കാനും പ്രകൃതിരമണീയമാകാനും ഒരുങ്ങുകയാണ്. പദ്ധതി യാഥാർത്ഥ്യമായാൽ വെളിയണ്ണൂർ ചല്ലി ടുറിസം ഭൂപടത്തിൽ ഇടംപിടിക്കുന്ന മലബാറിലെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്യും.

പ്രവർത്തി ടെണ്ടർ നടപടിയിലേക്ക് കടക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലും അരിക്കുളം കീഴരിയൂർ പഞ്ചായത്തിലുമായി വ്യാപിച്ചു കിടക്കുന്നതും ജില്ലയിലെ പ്രധാന പാടശേഖരവുമായ വെളിയന്നൂർ ചല്ലി പൂർണ്ണമായും കൃഷിയോഗ്യമാക്കുന്നതിനായി 20.7 കോടി രൂപയ്ക്കുള്ള പ്രവർത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി എം.എൽഎ. കാനത്തിൽ ജമീലയും, ടി.പി രാമകൃഷ്ണനും അറിയിച്ചു.

ചല്ലിയിൽ സമഗ്ര നെൽ കൃഷി വികസന പദ്ധതി പൂർത്തിയായാൽ ഇതിനൊപ്പം ഔഷധ സസ്യ കൃഷി, മത്സ്യകൃഷി, താറാവു വളർത്തൽ എന്നിവയും, വെള്ളക്കെട്ട് കൂടുതലുള്ള ഭാഗത്ത് ബോട്ടിംഗ് ടൂറിസം എന്നിവയും നടത്താൻ കഴിയും.

സാങ്കേതിക അനുമതി ലഭിച്ചതോടെ എത്രയും വേഗത്തിൽ ടെണ്ടർ നടപടി പൂർത്തീകരിച്ച് പ്രവത്തി ആരംഭിക്കുമെന്ന് എം.എൽഎ മാരായ ടി.പി. രാമകൃഷ്ണനും കാനത്തിൽ ജമീലയും പറഞ്ഞു.
