രാഹുലിനോട് എംഎൽഎ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ തങ്ങൾക്ക് അധികാരമില്ലെന്ന് വിഡി സതീശൻ
മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വിഷയത്തിൽ മറുപടിയില്ലാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും എം എൽ എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാൻ തങ്ങൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ തൻ്റെ നിലപാട് എന്തിന് ചോദിക്കണമെന്ന് വി ഡി സതീശൻ മാധ്യമങ്ങളോട് ചോദിച്ചു. അയോഗ്യനാക്കാൻ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ ആലോചിക്കാമെന്നും മറുപടി പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ മറ്റൊരു ക്രൂരമായ ലൈംഗിക പീഡനം കൂടി പുറത്തുവരുന്നതോടെ, രാഹുലിനുമുപരി പ്രതിസന്ധിയിലാകുന്നത് കോണ്‍ഗ്രസ് നേതൃത്വമാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത് അതീവ രഹസ്യമായാണ്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെ പി എം ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പി മുരളീധരനും മാത്രമാണ് പാലക്കാട്ടെ ദൗത്യം അറിഞ്ഞത്. ഹോട്ടലിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ വാങ്ങി വെച്ചായിരുന്നു നീക്കം. പിടിയിലായ വിവരം രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ടവർ പോലും അറിഞ്ഞത് പിന്നീടായിരുന്നു.




