ലോകസഭയിൽ കേരളത്തിനുവേണ്ടി വാദിച്ച പ്രതാപനെതിരെ വിഡി സതീശൻ
തിരുവനന്തപുരം: ലോകസഭയിൽ കേരളത്തിനുവേണ്ടി വാദിച്ച പ്രതാപനെതിരെ വിഡി സതീശൻ രംഗത്ത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പാർലമെന്റിൽ പ്രതികരിക്കാൻ നിർബന്ധിതരായ ജനപ്രതിനിധികൾക്ക് എതിരെയാണ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ടി എൻ പ്രതാപനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തുവന്നതോടെ വിഷയത്തിൽ കോൺഗ്രസിനുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കി.

കേരളത്തെ കേന്ദ്രം ക്രൂരമായിഅവഗണിക്കുകയാണെന്ന് പ്രതാപൻ അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നു. എന്നാൽ കേരളത്തിലെ സാമ്പത്തിക പ്രശ്‌നത്തിന് കാരണം കേന്ദ്രമല്ലെന്നും നികുതിപിരിവിലെ കെടുകാര്യസ്ഥതയാണെന്നും പറഞ്ഞ് സതീശൻ പ്രതാപനെ തിരുത്തി. കണക്ക് നൽകാൻ വൈകിയെന്ന കേന്ദ്ര ധനമന്ത്രിയുടെ വാക്കുകളെയും സതീശൻ വെള്ളപൂശി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസ്സിൽ കേന്ദ്ര അവഗണന മുഖ്യചർച്ചാവിഷയമാറിയതോടെയാണ് നിലപാട് മാറ്റാൻ പ്രതാപനടക്കമുള്ളവർ തയ്യാറായത്.


കേരളത്തിനുവേണ്ടി അടിയന്തര പ്രമേയ നോട്ടീസുമായി പ്രതാപൻ
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്ക് എതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ് എംപി ടി എൻ പ്രതാപൻ. വിഷയം സഭാനടപടി നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാർ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളോട് അനീതി കാണിക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർത്തെന്നും നോട്ടീസിൽ പറയുന്നു.


കേരളത്തിന് അർഹമായ വിഹിതമോ പുതിയ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ കേന്ദ്രം നൽകുന്നില്ല. ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് കാട്ടുന്നത് കടുത്ത അവഗണനയും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത അനീതിയുമാണ്. 2018ലെ പ്രളയകാലത്ത് കേരളത്തിന് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശധനസഹായങ്ങൾ മുടക്കുകയും ചെയ്തു.

കേന്ദ്രം നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ബിൽ നൽകി. രാഷ്ട്രീയം നോക്കി സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്യുന്നത് ശരിയല്ല. ബിജെപിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്നു കരുതി ജനങ്ങളോട് ശത്രുതാമനോഭാവം പുലർത്തുന്നത് ദുഃഖകരമാണെന്നും നോട്ടീസിൽ പറഞ്ഞു.
പ്രതിസന്ധി കേന്ദ്രം ഉണ്ടാക്കിയതല്ലെന്ന് സതീശൻ കേരളത്തിന് അർഹമായ സഹായം പോലും അനുവദിക്കാത്ത കേന്ദ്രം നിലപാടിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ടി എൻ പ്രതാപനെ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രം ഉണ്ടാക്കിയതാണെന്ന വാദത്തോട് യോജിപ്പില്ല. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും ഓഡിറ്റ് റിപ്പോർട്ടും നൽകാത്തതാണ് പണം നൽകാൻ വൈകിയതെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞിട്ടുണ്ട്. നികുതി വിഹിതം കുറച്ചതിൽമാത്രമാണ് പ്രതിപക്ഷത്തിന് എതിർപ്പ്. നികുതി പിരിവിലുള്ള കെടുകാര്യസ്ഥതയാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് പ്രധാന കാരണമെന്നും സതീശൻ പറഞ്ഞു.
അത് നല്ലകാര്യം : മുഖ്യമന്ത്രി
കേന്ദ്ര അവഗണനയ്‌ക്കെതിരെ ടി എൻ പ്രതാപനും മറ്റും പാർലമെന്റിൽ നൽകിയ അടിയന്തരപ്രമേയം നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് ഇതുവരെയുള്ള തെറ്റ് തിരുത്താൻ ശ്രമിച്ചാൽ സ്വാഗതം ചെയ്യുമെന്നും വാർത്താസമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
