KOYILANDY DIARY

The Perfect News Portal

വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി. 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

വന്ദേഭാരത് ട്രെയിന്‍ പാലക്കാടെത്തി. 25 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തില്‍ സര്‍വീസ് നടത്താനുള്ള വന്ദേഭാരതിൻ്റെ റേക്കുകൾ ചെന്നൈയില്‍ നിന്ന് കേരളത്തിലെത്തി. ട്രെയിൻ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. 16 കോച്ചുകളാണുള്ളത്. രാവിലെ 11.40 ഓടെ പാലക്കാട് എത്തിയ ട്രെയിനിന് ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

തുടക്കത്തില്‍ ഒരു ട്രെയിനാകും സര്‍വീസ് നടത്തുക. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരിലെത്തി അരമണിക്കൂറിന് ശേഷം മടങ്ങുന്ന രീതിയിലാണ് സര്‍വീസ് പരിഗണിക്കുന്നത്. ഏപ്രില്‍ 24-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ട്രെയിൻ്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും. 24-ന് കൊച്ചിയിലോ 25-ന് തിരുവനന്തപുരത്തോ ആണ് ഫ്‌ളാഗ് ഓഫ് പരിഗണിക്കുന്നത്.

ഏതാനും ദിവസത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി അന്തിമമാകുന്നതോടെ കൂടി മാത്രമേ ഇതില്‍ വ്യക്തത വരികയുള്ളു. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ഒരു ദിവസം നേരത്തെ 24 ലേക്ക് ആക്കിയത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് കൂടി പരിഗണിച്ചാണ്‌.

Advertisements

ഒമ്പത് സ്റ്റോപ്പുകളുള്ള സര്‍വീസാണ് ആലോചിക്കുന്നത്. കോട്ടയം വഴിയുള്ള സര്‍വീസില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ഇതിന് പുറമെ ഷൊര്‍ണൂര്‍, തിരൂര്‍, ചെങ്ങന്നൂര്‍ ഇവയില്‍ ഏതെങ്കിലും രണ്ട് സ്റ്റേഷനുകൾ കൂടി ഉള്‍പ്പെടുത്തിയേക്കാനും സാധ്യതയുണ്ട്‌.

തിരുവനന്തപുരം ഡിവിഷനാണ് സര്‍വീസിൻ്റെ നിയന്ത്രണം. രാജ്യത്തെ 13-ാമത്തെ വന്ദേഭാരത് സര്‍വീസായിരിക്കുമിത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ
ഭാഗമായി ആഗസ്റ്റ് 15-ന് മുമ്പ് 75 വന്ദേഭാരത് എക്സ്പ്രസുകള്‍ പുറത്തിറക്കുമെന്നാണ് കേന്ദ്രത്തിൻ്റെ പ്രഖ്യാപനം.