ഉണ്ണികൃഷ്ണൻ പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

.
ശബരിമലയിലെ ശില്പപാളിയിലെ സ്വര്‍ണ മോഷണക്കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30 വരെ 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റാന്നി കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി പൊലീസ് ഉടൻ തെളിവെടുപ്പ് നടത്തിയേക്കും. അഭിഭാഷകനോട് 10 മിനിറ്റ് സംസാരിക്കാൻ പ്രതിക്ക് കോടതി അനുമതി നൽകിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകിയിരുന്നു. അതേസമയം അടച്ചിട്ട മുറിയിൽ രഹസ്യ സ്വഭാവത്തിൽ ആയിരുന്നു കോടതി നടപടികൾ. ഇന്നലെ രാത്രി 11 മണിയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശേഷം പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്-പി ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

