ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികള്‍; സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനത്തിന്റ അഭിഭാഷകന്‍

ഉണ്ണികൃഷ്ണന്‍ പോറ്റി എത്തിച്ചത് ചെമ്പ് പാളികളാണെന്ന് സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ്. 38.5 കിലോഗ്രാമോളമാണ് ഭാരമുണ്ടായിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കമ്പനിയെ ബന്ധപ്പെട്ടിരുന്നു. ഉണ്ണികൃഷ്ണനുള്‍പ്പെടെയുള്ളവരാണ് കൊണ്ടുവന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി ശില്‍പം സ്വര്‍ണം പൂശാന്‍ നല്‍കിയ സ്ഥാപനത്തിന്റ വക്കീല്‍ ആണ് കെ ബി പ്രദീപ്. കമ്പനി നിയമമനുസരിച്ച് മറ്റൊരു കമ്പനി പ്ലേറ്റിംഗ് ചെയ്ത വസ്തു പിന്നീട് എടുക്കില്ല. എന്നാല്‍ കമ്പനിയുടെ പക്കല്‍ എത്തിച്ചത് ചെമ്പ് പാളികളാണ് എന്നും അതില്‍ ഒന്നും പൂശിയിരുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

25 മുതല്‍ 40 വര്‍ഷം വരെയാണ് കമ്പനി ഗ്യാരന്റി നല്‍കുന്നത്. രാസവസ്തുക്കള്‍ കൊണ്ട് കഴുകിയാലും മനുഷ്യ സ്പര്‍ശമേല്‍ക്കുന്നതും ഗുണനിലവാരത്തെ ബാധിക്കും. ഇത് നേരത്തെ പറഞ്ഞിട്ടുള്ളതുമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. ശബരിമലയില്‍ വേറെയും പ്ലേറ്റിംഗ് ജോലികള്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് കമ്പനിയെ ബന്ധപ്പെട്ടിരുന്നു എന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

