മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ അറസ്‌റ്റ് ചെയ്യരുത്. ഹൈക്കോടതി
കൊച്ചി: കളമശേരി സ്‌ഫോടനത്തെ തുടർന്ന് മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ അറസ്‌റ്റ് ഉൾപ്പടെയുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയുള്ള വിവാദ പരാമർശത്തിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് രണ്ടാഴ്‌ചത്തേക്ക് അറസ്‌റ്റ് ഉൾപ്പെടെയുള്ള നടപടികൾ വിലക്കിയത്.

സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം വളർത്തുന്ന പരാമർശം നടത്തിയെന്ന കുറ്റം ചുമത്തി രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന സർക്കാരിന്റെ വിശദീകരണം കോടതി രേഖപ്പെടുത്തി.


പരാതിക്കാരനായ ഡോ. പി സരിൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരായ സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മഹേഷ് ജെത്മലാനിയുടെ വാദം. ഹർജി ഡിസംബർ 14ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

