KOYILANDY DIARY

The Perfect News Portal

ഇലക്ട്രൽ ബോണ്ട് സംവിധാനത്തിലെ പിഴവുകൾ സമ്മതിച്ച് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംവിധാനത്തിലെ പിഴവുകൾ സമ്മതിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാ രാമൻ. ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ ഇലക്ട്രൽ ബോണ്ട് “കുറ്റമറ്റ രീതിയിൽ” വീണ്ടും നടപ്പാക്കും എന്നാണ് പ്രസ്താവന. നേരത്തെയും കള്ളപ്പണ ഇടപാടും ബോണ്ടുകളിലെ രാഷ്ട്രീയ താത്പര്യങ്ങളും പരോക്ഷമായി സമ്മതിക്കുന്ന പ്രസ്താവനകൾ ധനമന്ത്രി നടത്തിയിരുന്നു.

തെരഞ്ഞെടുപ്പ് ധനസഹായം കുറ്റമറ്റതാക്കാനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്ന് ആവർത്തിക്കയും ഒപ്പം “തിരഞ്ഞെടുപ്പ് ഫണ്ടിങ് കൂടുതൽ സുതാര്യതയിലൂടെ നടക്കേണ്ടതുണ്ടെന്ന്” ബോണ്ടിലെ പിഴവുകൾ പരോക്ഷമായി സമ്മതിക്കയുമായിരുന്നു. “ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ഞങ്ങൾക്ക് നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും” എന്നാണ് അഭിമുഖത്തിൽ കുറ്റസമ്മതം നടത്തുന്നത്.

 

ബോണ്ടിന് പിന്നിലെ തട്ടിപ്പുകൾ രാജ്യവ്യാപകമായി ചർച്ച ചെയ്ത് തുടങ്ങിയതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു. ഇല്ലാത്ത കമ്പനികളും അന്വേഷണ നടപടികൾ നേരിടുന്ന സ്ഥാപനങ്ങളും വൻ തോതിൽ ഇലക്ട്രൽ ബോണ്ടു വഴി ബിജെപിക്ക് സംഭാവന നൽകി. വിദേശ കമ്പനികൾ വരെ നൂറു ശതമാനം നികുതി ഇളവോടെ ബിജെപിക്ക് സംഭാവനകൾ നൽകി. ഇവ കണക്ക് സഹിതം പുറത്തു വന്നു. ഇതോടെയാണ് ഇലക്ടറൽ ബോണ്ടിലെ ചില ഭാ​ഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറയുന്നത്.

Advertisements

 

മികച്ച കൂടിയാലോചനകളിലൂടെ അവ ഏതെങ്കിലും രൂപത്തിൽ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നാണ് അഭിമുഖത്തിൽ അവർ ആവർത്തിച്ചത്. പ്രധാനന്ത്രി നരേന്ദ്ര മോദിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും വിവാദങ്ങൾക്കും സുപ്രീം കോടതി വിധിക്കും ശേഷവും ഇലക്ട്രൽ ബോണ്ടിനെ ന്യായീകരിച്ചിരുന്നു. രാഷട്രീയ പാർട്ടികൾക്കുള്ള സംഭാവനകളിലെ അഴിമതി കുറയ്ക്കാൻ സഹായിച്ചു എന്നായിരുന്നു വാദം. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് പറയുമ്പോൾ തന്നെ നിലവിലെ വീഴ്ചകൾ ശരിവെക്കുകയാണ് ധനമന്ത്രി പരോക്ഷമായി ചെയ്തത്.

 

അതേസമയം തന്നെ, ഇലക്ട്രൽ ബോണ്ട് സംവിധാനം ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കേണ്ടി വരില്ലെ എന്ന ചോദ്യത്തെ അവർ നേരിട്ടില്ല. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഒഴിഞ്ഞു മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നൽകാൻ 2018 ജനുവരി രണ്ടിനാണ് കേന്ദ്ര സർക്കാർ ഇലക്ടറൽ ബോണ്ട് ആവിഷ്ക്കരിച്ചത്. എന്നാൽ 2024 ഫെബ്രുവരി 15-ന് സുപ്രീംകോടതിയുടെ അഞ്ചം​ഗ ഭരണഘടനാ ബെഞ്ച് ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അത് റദ്ദാക്കണമെന്ന് വിധിച്ചു. വീണ്ടും അധികാരത്തിൽ വന്നാൽ സുപ്രീം കോടതിയുടെ വിധിയും മറികടക്കും എന്നാണ് ധനമന്ത്രി അഭിമുഖത്തിൽ സൂചിപ്പിക്കുന്നത്.