എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഏകീകൃത സോഫ്റ്റ്‌വെയർ; മന്ത്രി എം ബി രാജേഷ്
കൊച്ചി: കേരളത്തിലെ എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ജനുവരി ഒന്നുമുതൽ ഏകീകൃത സോഫ്റ്റ്‌വെയർ നിലവിൽവരുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ്. കൊച്ചിയിൽ ക്രെഡായ് (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ) കേരളയുടെ സംസ്ഥാന സമ്മേളനമായ സ്റ്റേറ്റ്കോണിൻറെ ഏഴാംപതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്ക് സ്മാർട്ട് ഫോണിലൂടെ ലഭ്യമാക്കാനുള്ള കെ–-സ്മാർട്ട് ആപ്ലിക്കേഷൻ ജനുവരി ഒന്നിന് കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കെ–-സ്മാർട്ട് വരുന്നതോടെ ചട്ടപ്രകാരമുള്ള അപേക്ഷയാണെങ്കിൽ അതിവേഗം ബിൽഡിങ് പെർമിറ്റ് ലഭിക്കും. നിരാക്ഷേപപത്രം ലഭിക്കാനുള്ള കാലതാമസവും ഒഴിവാകും. നിർമ്മിത ബുദ്ധി (എഐ) അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങൾ ഈ സോഫ്റ്റ്‌വെയറിനായി കേരളത്തെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മേയർ എം അനിൽകുമാർ വിശിഷ്‌ടാതിഥിയായി. ക്രെഡായ് ദേശീയ പ്രസിഡണ്ട് ബൊമൻ ഇറാനി, കേരള ചെയർമാൻ രവി ജേക്കബ്, സെക്രട്ടറി ജനറൽ അഡ്വ. ചെറിയാൻ ജോൺ, സമ്മേളന ചെയർമാൻ ഡോ. നജീബ് സക്കറിയ, കുഷ്മൻ ആൻഡ് വേക്ക്ഫീൽഡ് മാനേജിങ് ഡയറക്ടർ വി എസ് ശ്രീധർ എന്നിവരും സംസാരിച്ചു. കളമശേരി ചാക്കോളാസ് പവിലിയൻ ഇവന്റ് സെന്ററിൽ നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

