KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവേ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഒപ്പുശേഖരണം ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ വികസന സമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾക്കായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം സമർപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു. സ്റ്റേഷൻ്റെ പടിഞ്ഞാറും കിഴക്കും ബന്ധിപ്പിച്ച് കൊണ്ട് നടപ്പാലം നിർമ്മിക്കുക, നേത്രാവതി, എറണാകുളം, കോയമ്പത്തൂർ ഇൻറർസിറ്റി എക്‌സ്പ്രസ്സുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കുക, രണ്ടാം പ്ലാറ്റ്ഫോമിൽ പൂർണമായും ഷെൽട്ടർ സ്ഥാപിക്കുക. തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഒപ്പുശേഖരണം ആരംഭിച്ചതെന്ന് പ്രസിഡണ്ട് ശശിധരൻ മണക്കാട് പറഞ്ഞു.

പഴയ മുത്താമ്പി റോഡ് ഭാഗത്തുള്ള റെയിൽവേ ഗേറ്റിരുന്ന സ്ഥലത്ത് പ്ലാറ്റു ഫോമുകൾ തമ്മിൽ ബന്ധിപ്പിച്ചും, അതോടൊപ്പം പന്തലായനി ഭാഗത്തേക്കും കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ ഭാഗത്തേക്കും ജനങ്ങൾക്ക്‌ കടന്നുപോകാൻ എസ്‌കലേറ്ററും, മേൽക്കൂരയോടുകൂടിയ ഫ്ലൈഓവറും സ്ഥാപിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ നിവേദനത്തിൽ ഉൾക്കൊള്ളിച്ചതായും ശശിധരൻ പറഞ്ഞു.

ഫ്ലൈ ഓവർ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രദേശത്തുകാർ മറുവശത്തെത്തണമെങ്കിൽ 2 കിലോമീറ്റർ നടക്കേണ്ട സ്ഥിതിയാണ് ഉള്ളത്. റെയിൽ പാത മുറിച്ചു കടക്കുമ്പോൾ ഉള്ള അപകടങ്ങളും ഇവിടെ പതിവാണ്. പ്ലാറ്റുഫോറം വികസിപ്പിച്ചപ്പോൾ  ഇവിടെയുള്ള ഗേറ്റ്  ദൂരേക്ക് മാറ്റി സ്ഥാപിക്കുകയും അവിടെ പിന്നീട് ഓവർ ബ്രിഡ്ജ് വരികയുമാണുണ്ടായത്.
കൊയിലാണ്ടിയിൽ സ്റ്റോപ്പില്ലാത്ത 16345/16346 നേത്രാവതി, എക്സ്പ്രസ്സ്‌ 22609/22610 കണ്ണൂർ – കോയമ്പത്തൂർ, 16305/16306 എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്സുകൾ തുടങ്ങിയ എക്‌സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, പതിവായി വൈകി ഓടുന്ന 16307 എറണാകുളം -കണ്ണൂർ എക്സി കുട്ടീവ് എക്‌സ്പ്രസ്സ് സമയക്രമം പാലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക
പുതുതായി അനുവദിച്ച താത്കാലിക 06031/06302 ഷൊർണുർ കണ്ണൂർ എക്‌സ്പ്രസ്സ് എല്ലാദിവസവും സർവീസ് നടത്തണമെന്നും സ്ഥിരമായി നിലനിർത്തണമെന്നും, നിലവിൽ വൈകുന്നേരത്തെ മംഗള നിസാമുദ്ദീൻ എക്‌സ്പ്രസ്സ്, പരശു രാം എക്‌സ്പ്രസ്സ് എന്നിവ കഴിഞ്ഞാൽ മംഗലാപുരത്തേക്ക് തീവണ്ടികൾ ഇല്ലാത്ത അവസ്ഥയ്ക്ക് പരാഹാരം കാണണമെന്നും നിവേദനത്തിൽ പറയുന്നു. കോഴിക്കോട് ഭാഗത്തേക്ക് ഉച്ചക്ക് 1 മണിക്ക് കണ്ണൂർ – കോയമ്പത്തൂർ എക്‌സ്പ്രസ്സ് പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിനായി വൈകുന്നേരം 4.30 വരെ കാത്തിരിക്കേണ്ട അവസ്ഥക്ക് പരിഹാരം കാണണം.
റിസർവേഷൻ സമയം കൂട്ടുക, ജനറൽ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുക, തിരക്കുള്ള സമയത്ത് യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ പ്രയാസം നേരിടുന്നതും, റിസർവേഷനായി കോഴിക്കോടിനെയും വടകര യെയും ആശ്രയിക്കേണ്ടി വരുന്നതും അവസാനിപ്പിക്കുക. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യങ്ങൾ നേടിയെടുക്കാനും കേരളത്തിൽ നിന്നുള്ള എംപി കൂടിയായ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി മുഖേന വേണ്ട നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഒപ്പ് ശേഖരണത്തിനു പ്രസിഡണ്ട് ശശിധരൻ മണക്കാട്, സെക്രട്ടറി സുമേഷ് സുധർമൻ, ട്രെഷറർ സി പി സുരേഷ് ബാബു, ഭാരവാഹികളായ മനോജ്‌ കൂടത്തിൽ, ഇ രാധാകൃഷ്ണൻ, ബിനീഷ് കുമാർ, മണി കിഴക്കയിൽ, മണമൽ ഉണ്ണി, ഹരി കെ പി, ഗിരീഷ് പി, ശ്രീകല പി സുജിത് കുമാർ, പ്രദീപൻ തുടങ്ങിയവർ നേതൃത്വം നൽകി.
Share news