KOYILANDY DIARY

The Perfect News Portal

അഭയാർത്ഥി ക്യാമ്പുകളിലെ ആക്രമണം ഉടൻ നിർത്തണമെന്ന്‌ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ട്‌ യുഎൻ ഏജൻസികൾ

ജറുസലേം: അഭയാർത്ഥി ക്യാമ്പുകളിലേക്കടക്കം നടത്തുന്ന വ്യാപക ആക്രമണം ഉടൻ നിർത്തണമെന്ന്‌ ഇസ്രയേലിനോട്‌ ആവശ്യപ്പെട്ട്‌ വിവിധ യുഎൻ ഏജൻസികൾ. യുനിസെഫ്‌, ലോകാരോഗ്യ സംഘടന, ലോക ഭക്ഷ്യപരിപാടി തുടങ്ങി 18 യുഎൻ ഏജൻസികളുടെ മേധാവികളാണ്‌ ഗാസയിലെ നരനായാട്ട്‌ ഉടൻ അവസാനിപ്പിക്കണമെന്ന്‌ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്‌.

യുഎന്നിൻറെ പ്രധാന ഏജൻസികളുടെ തലവന്മാർ ഇത്തരത്തിൽ സംയുക്ത പ്രസ്താവന ഇറക്കുന്നത്‌ അസാധാരണമാണ്‌. ‘ഒരു മാസമായി ഇസ്രയേലിലും ഗാസയടക്കമുള്ള പലസ്തീൻ മേഖലകളിലും അരങ്ങേറുന്ന സംഭവവികാസങ്ങൾ ലോകം ഭീതിയോടെ നോക്കിനിൽക്കുകയാണ്‌. മരണസംഖ്യയും നാശനഷ്ടങ്ങളും കുതിച്ചുയരുന്നു. ഗാസയിൽ ജനങ്ങളാകെ തടവിലാക്കപ്പെട്ടു.

 

ജീവൻ നിലനിർത്താനുള്ള അവശ്യവസ്തുക്കൾപോലും ലഭ്യമല്ല. അവരുടെ വീടുകളും അഭയകേന്ദ്രങ്ങളും ആശുപത്രികളും ആരാധനാലയങ്ങളുമെല്ലാം തകർക്കപ്പെട്ടു. ഇത്‌ അംഗീകരിക്കാനാകില്ല. 30 ദിവസമായി. ഇനിയും പറ്റില്ല. വെടിനിർത്തൽ ഉടൻ പ്രഖ്യാപിക്കണം. അടിയന്തര സേവനങ്ങൾ ജനങ്ങൾക്ക്‌ കൂടുതലായി ലഭ്യമാക്കണം’–- പ്രസ്താവന ആവശ്യപ്പെട്ടു. ഹമാസ്‌ ബന്ദികളാക്കിയ 240 പേരെ വിട്ടയക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. 

Advertisements

 

യുദ്ധത്തിൽ പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസിയുടെ 88 ജീവനക്കാർ കൊല്ലപ്പെട്ടു. ഒറ്റ സംഘർഷത്തിൽ ഇത്രയധികം യു എൻ പ്രവർത്തകർ കൊല്ലപ്പെടുന്നത്‌ ഇതാദ്യമാണ്‌. അതിനിടെ, ജോർദാൻ വ്യോമസേന മരുന്നുകൾ വിമാനമാർഗം ഗാസയിൽ എത്തിച്ചെന്ന്‌ ഭരണാധികാരി അബ്‌ദുള്ള പറഞ്ഞു. വിമാനത്തിൽ എത്തിച്ച പെട്ടികൾ ഒരു ഫീൽഡ്‌ ആശുപത്രിയിലേക്ക്‌ കെട്ടിയിറക്കുകയായിരുന്നു.