KOYILANDY DIARY

The Perfect News Portal

സൈന്യം ഗാസയിൽ തുടരുമെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

ടെൽ അവീവ്‌: ഹമാസുമായുള്ള യുദ്ധം അവസാനിച്ചാലും സൈന്യം ഗാസയിൽ തുടരുമെന്ന്‌ വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അനിശ്ചിത കാലത്തേക്ക്‌ ഗാസാ മുനമ്പിൻറെ നിയന്ത്രണവും സുരക്ഷാ ചുമതലയും തങ്ങൾക്കായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം, ബൈഡൻ നിർദേശിച്ചതുപോലെ, ഇടവേളകളിൽ താൽക്കാലിക വെടിനിർത്തൽ പരിഗണിക്കും.

വിവിധ മേഖലകളിൽ പല സമയത്തായി മണിക്കൂറുകൾമാത്രം നീളുന്ന ഹ്രസ്വകാല വിരാമമാണ്‌ പരിഗണിക്കുന്നത്‌. ഹമാസ്‌ ബന്ദികളാക്കിയ 240 പേരെയും വിട്ടയക്കാതെ പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കില്ലെന്ന്‌ കഴിഞ്ഞ ദിവസംതന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗാസയെ തച്ചുതകർത്ത യുദ്ധം ഒരു മാസം പിന്നിട്ട സാഹചര്യത്തിൽ, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായി ടെലിഫോണിൽ ചർച്ച നടത്തിയശേഷമാണ്‌ വെളിപ്പെടുത്തൽ.

 

അതിനിടെ, തിങ്കളാഴ്ച രാത്രി തെക്കൻ ഗാസയിലെ ഖാൻ യൂനിസ്‌, റാഫ, ദെയ്‌ർ അൽ ബലാ പ്രദേശങ്ങളിലേക്ക്‌ ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണങ്ങളിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്‌തൂൺ മേഖലയിലും ഭവന സമുച്ചയങ്ങൾ ബോംബിട്ടു തകർത്തു. ഒക്ടോബർ ഏഴിന്‌ ഹമാസ്‌ ഇസ്രയേലിലേക്ക്‌ നടത്തിയ ആക്രമണത്തെതുടർന്ന്‌ ഇസ്രയേൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 10,328 പലസ്തീൻകാരാണ്‌ ഗാസയിൽ കൊല്ലപ്പെട്ടത്‌.

Advertisements

 

ഇതിൽ 4100 കുട്ടികളുമുണ്ട്‌. 2300ൽ അധികം പേരെ കാണാതായി. ഇതിൽ കുട്ടികളടക്കം ഭൂരിഭാഗവും ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കുകയാണെന്നും അനുമാനിക്കുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഴുകുന്ന മൃതദേഹങ്ങൾ പകർച്ചരോഗങ്ങൾക്ക്‌ ഇടയാക്കുമെന്ന ഭീതിയും ശക്തമാണ്‌.

 

ഒരാഴ്ചയായി ഗാസ സിറ്റിയിൽ കേന്ദ്രീകരിച്ചാണ്‌ ഇസ്രയേലിൻറെ പ്രധാന ആക്രമണങ്ങൾ. ഗാസ മുനമ്പിനെ തെക്കും വടക്കും എന്ന്‌ രണ്ടായി വിഭജിച്ചതായി സൈന്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ ഒരുമാസത്തിനിടെ ഉണ്ടായത്‌ ഭീമമായ നഷ്ടമെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.